ലോകകപ്പിൽ ഇന്ത്യൻ ടീമിന് മടക്കം; തോൽവി കടുത്ത പോരാട്ടത്തിനൊടുവിൽ

March 27, 2022

അവസാന ഓവറിലേക്ക് നീണ്ട ആവേശത്തിനൊടുവിൽ 3 വിക്കറ്റിന് ദക്ഷിണാഫ്രിക്കയോട് തോറ്റ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ലോകകപ്പിൽ നിന്ന് മടക്കം. കടുത്ത പോരാട്ടമാണ് ഇന്ത്യൻ വനിതകൾ കാഴ്‌ച വെച്ചത്. ജയത്തോളം പോന്ന തോൽവി തന്നെയാണിതെന്നാണ് ക്രിക്കറ്റ് പ്രേമികൾ അഭിപ്രായപ്പെടുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ സ്‌മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ സെമിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഓപ്പണര്‍മാരായ സ്‌മൃതി മന്ഥാനയും ഷെഫാലി വര്‍മ്മയും ചേർന്ന് 15 ഓവറില്‍ നിന്ന് 91 റണ്‍സെടുത്തു. 46 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ഷെഫാലിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ വന്ന യാസ്‌തിക ഭാട്യ 2 റൺസെടുത്ത് പുറത്തായി. തുടർന്നാണ് ക്യാപ്റ്റന്‍ മിതാലി രാജ് സ്‌മൃതിയോടൊപ്പം ചേർന്ന് സ്‌കോര്‍ 150 കടത്തിയത്. പുറത്താകുമ്പോള്‍ സ്‌മൃതി മന്ഥാനയ്‌ക്ക് 84 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറുമായി 71 റണ്‍സുണ്ടായിരുന്നു. മറുവശത്ത് മിതാലി 84 പന്തില്‍ എട്ട് ബൗണ്ടറികളോടെ 68 റണ്‍സ് നേടി. അവസാന ഓവറുകളില്‍ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീതാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.

275 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കം തന്നെ ഓപ്പണര്‍ ലിസ്‌ലീ ലീയെ നഷ്ടമായെങ്കിലും 79 പന്തില്‍ നിന്ന് 11 ബൗണ്ടറികള്‍ സഹിതം 80 റണ്‍സെടുത്ത ലോറ വോള്‍വര്‍ട്ടിന്‍റെ മികവിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോർ നേടി. മിഗ്‌നന്‍ ഡു പ്രീസിന്‍റെ അര്‍ധ സെഞ്ചുറിയും ദക്ഷിണാഫ്രിക്കയ്ക്ക് വലിയ പ്രതീക്ഷകൾ നൽകി.

Read More: 42 ആം വയസ്സിൽ മിസ്സിസ് ഇന്ത്യ യൂണിവേഴ്സ് കിരീടം- ശ്വേതയ്ക്കിത് 20 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള സ്വപ്ന സാഫല്യം

അവസാന ഓവറിൽ 7 റൺസ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക അവസാന പന്തിലാണ് ലക്ഷ്യം കണ്ടത്. ദീപ്‌തി ശര്‍മ്മയുടെ അവസാന ഓവറിലെ ആദ്യ പന്തില്‍ ഒരു റണ്‍ പിറന്നപ്പോള്‍ രണ്ടാം പന്തില്‍ ദക്ഷിണാഫ്രിക്കൻ താരം ത്രിഷ റണ്ണൗട്ടായി. അടുത്ത രണ്ട് പന്തുകളിലും ഓരോ റൺ വീതം ദക്ഷിണാഫ്രിക്ക നേടിയപ്പോൾ അഞ്ചാം പന്താണ് കളിയുടെ ഫലത്തിൽ നിർണായകമായത്. മിഗ്‌നന്‍ ഡു പ്രീസ് അഞ്ചാം പന്തിൽ ക്യാച്ചില്‍ പുറത്തായെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. അടുത്ത രണ്ട് പന്തുകളില്‍ സിംഗിളുകള്‍ നേടി ദക്ഷിണാഫ്രിക്ക സെമിയിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കി.

Story Highlights: India out of women’s world cup