ഐപിഎൽ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ബിസിസിഐ

March 16, 2022

മാർച്ച് 26 ന് ചെന്നൈ- കൊൽക്കത്ത മത്സരത്തോടെ ഈ സീസണിലെ ഐപിഎല്ലിന് തുടക്കമാവുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം അരങ്ങേറുന്നത്.മുംബൈയിലും പുനെയിലുമായി 65 ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ടൂർണമെന്റാണ് ഐപിഎൽ.

ഇപ്പോൾ ഐപിഎൽ മത്സരങ്ങളുടെ നിയമങ്ങളിൽ മാറ്റം കൊണ്ട് വന്നിരിക്കുകയാണ് ബിസിസിഐ. അതില്‍ പ്രധാനപ്പെട്ടത് ഡിആര്‍എസിന്റെ എണ്ണം കൂട്ടിയെന്നതാണ്. നേരത്ത ഒരു മത്സരത്തിൽ ഒരു തവണ മാത്രമാണ് ടീമുകള്‍ക്ക് റിവ്യൂ ചെയ്യാനുള്ള അധികാരമുണ്ടായിരുന്നത്. എന്നാല്‍ പുതിയ സീസണില്‍ അത് രണ്ടായി ഉയര്‍ത്തി. ക്യാച്ചിലൂടെ ബാറ്റ് ചെയ്യുന്നയാൾ പുറത്താകുമ്പോള്‍ നോണ്‍സ്‌ട്രൈിക്കിലുള്ള താരം പിച്ചിന്റെ മധ്യവര കടന്നാലും അടുത്ത പന്ത് നേരിടുക പുതുതായി ക്രീസിലെത്തുന്ന താരമായിരിക്കും. ഓവറിലെ അവസാന പന്തിലാണ് പ്ലേയർ പുറത്താകുന്നതെങ്കിൽ ഇപ്പുറത്ത് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലാണ് പുതിയ പ്ലേയർ വരിക. ഈ വര്‍ഷം ഒക്ടോബറില്‍ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ.

കൊവിഡുമായി ബന്ധപ്പെട്ട ഒരു പ്രധാന മാറ്റവും ഈ ഐപിഎല്ലിൽ നിലവിൽ വന്നിട്ടുണ്ട്. കൊവിഡ് ബാധിച്ച് ടീമിനെ ഇറക്കാന്‍ സാധിക്കാതെ വന്നാല്‍ മത്സരം പിന്നീട് ഒരു ദിവസത്തേക്ക് മാറ്റിവെക്കാനും തീരുമാനിച്ചു. ഒരു പകരക്കാരനടക്കം ചുരുങ്ങിയത് 12 താരങ്ങളുണ്ടെങ്കില്‍ മാത്രമേ ഒരു ടീമിനു മല്‍സരത്തില്‍ ഇറങ്ങാന്‍ അനുമതിയുള്ളൂ. അതിന് സാധിക്കാതെ വന്നാല്‍ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റും.

Read More: ആരോഗ്യത്തിന് മികച്ച ആപ്പിൾ നിറംകൊണ്ട് തിരിച്ചറിയാം

70 ലീഗ് മത്സരങ്ങളും 4 പ്ലേഓഫ് മത്സരങ്ങളുമാണ് ഈ സീസണിൽ ഉള്ളത്. ഇത്തവണ 2 ടീമുകൾ കൂടി വന്നതോടെ മത്സരങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം പതിപ്പിൽ 25% കാണികളെ അനുവദിക്കാനാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷനും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ മത്സരങ്ങളിലും പതിയെ കാണികളെ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. കാണികൾ തിരികെയെത്തുന്നത് ഐപിഎല്ലിനെ അതിന്റെ പൂർണ്ണ ആവേശത്തിലേക്ക് തിരികെയെത്തിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരും ബിസിസിഐയും കണക്ക് കൂട്ടുന്നത്.

Story Highlights: Key changes in ipl rules