രണ്ടര ലക്ഷത്തിന്റെ ബൈക്ക് വാങ്ങാൻ യുവാവ് എത്തിയത് രണ്ട് ചാക്ക് നാണയത്തുട്ടുകളുമായി; കാശ് എണ്ണിത്തീർത്തത് 10 മണിക്കൂറുകൊണ്ട്

March 29, 2022

കുടുക്കയിലിട്ട് ചില്ലറ പൈസ സൂക്ഷിക്കുന്നവരാണ് നമ്മളിൽ മിക്കവരും. അത്തരത്തിൽ നാണയങ്ങൾ സൂക്ഷിക്കുന്ന ശീലമുള്ള വ്യക്തിയായിരുന്നു തമിഴ്നാട് സേലം സ്വദേശി വി. ഭൂപതിയും. കഴിഞ്ഞ മൂന്ന് വർഷംകൊണ്ട് ഇത്തരത്തിൽ ചാക്ക് കണക്കിന് ചില്ലറയാണ് ഭൂപതി സ്വരൂപിച്ചത്. ഇപ്പോഴിതാ മൂന്ന് വർഷം കൊണ്ട് സൂക്ഷിച്ച പണം ഉപയോഗിച്ച് 2.6 ലക്ഷം രൂപയുടെ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് ഭൂപതി. അതേസമയം ചാക്ക് കണക്കിന് രൂപയുമായി ഷോറൂമിൽ എത്തിയ ഭൂപതി നൽകിയ പണം ഷോറൂമിലെ ജീവനക്കാർ പത്ത് മണിക്കൂറോളം സമയം എടുത്താണ് എണ്ണിത്തീർത്തത്.

സൂക്ഷിച്ചുവെച്ച നാണയതുട്ടുകളിലൂടെ ഏറെ നാളത്തെ ബൈക്ക് എന്ന സ്വപ്നമാണ് ഭൂപതി എന്ന യുവാവ് സാക്ഷാത്കരിച്ചത്. കിട്ടുന്ന ചില്ലറ പൈസകളൊക്കെ വളരെയധികം ശ്രദ്ധയോടെ സൂക്ഷിച്ചുവെച്ചതാണ് ഭൂപതി. പലപല ആഗ്രഹങ്ങളും ഉപേക്ഷിച്ചുകൊണ്ടാണ് ഭൂപതി ഈ ചില്ലറ കാശ് തന്റെ ബൈക്ക് എൻ സ്വപ്നം യാഥാർഥ്യമാക്കുന്നതിനായി സൂക്ഷിച്ചുവെച്ചത്.

അതേസമയം താൻ സൂക്ഷിച്ച ചില്ലറ പൈസയുമായി നിരവധി ഷോറൂമുകളിൽ കയറി ഇറങ്ങിയെങ്കിലും പലരും ചില്ലറ വാങ്ങാൻ തയ്യാറായില്ല. എട്ടിലേറെ ഷോറുമുകളിൽ കായറിയിറങ്ങിയതിന് ശേഷം അവസാനമാണ് സേലം അമ്മപ്പേട്ടയിലെ ബജാജ് ഷോറുമിൽ നിന്നും വാഹനം നൽകാൻ അവിടുത്തെ ജീവനക്കാർ തയാറായത്. അങ്ങനെ 2.6 ലക്ഷം രൂപ വിലവരുന്ന ബജാജ് ഡോമിനറാണ് ഭൂപതി സ്വന്തമാക്കിയത്.

ബിരുദധാരിയായ ഭൂപതി ഒരു സ്വകാര്യ കമ്പനിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി നോക്കുകയാണ്. ജോലിയിൽ നിന്ന് ലഭിക്കുന്ന പണത്തിൽ നിന്ന് വീട്ടിലെ ആവശ്യങ്ങൾ എല്ലാം കഴിഞ്ഞ ശേഷം കിട്ടുന്ന കാശും സാധനങ്ങൾ വാങ്ങിയ ശേഷം കിട്ടുന്ന ചില്ലറയുമെല്ലാം സൂക്ഷിച്ചുവെച്ചാണ് ഭൂപതി ഇത്രയധികം പണം സ്വരൂപിച്ചത്.

Story highlights: man buys 2.6 lakh dream bike with coins collected over 3 years