ഇതൊരു തുടക്കം മാത്രം, പല റെക്കോർഡുകളും അവന് മുൻപിൽ വഴിമാറും; പന്തിന്റെ പ്രകടനത്തെ പറ്റി മുൻ ഇന്ത്യൻ സൂപ്പർതാരം

March 15, 2022

മികച്ച പ്രകടനമാണ് കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ സൂപ്പർതാരം ഋഷഭ് പന്ത് ടീമിന് വേണ്ടി പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. ടീമിനെ നിർണായകമായ പല സാഹചര്യങ്ങളിൽ നിന്നും പന്ത് കര കയറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരായ ബെംഗലൂരു ടെസ്റ്റിൽ അതിവേഗ അർധ സെഞ്ചുറി നേടി പന്ത് റെക്കോർഡിട്ടിരുന്നു. 28 പന്തിൽ അർധ സെഞ്ചുറി നേടിയ പന്ത് ഒരു ഇന്ത്യൻ താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ അർധ സെഞ്ചുറി എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.

കപിൽ ദേവിന്റെ 40 വർഷം പഴക്കമുള്ള റെക്കോർഡാണ് പന്ത് ഇന്നലെ തകർത്തത്. 30 പന്തിലാണ് കപിൽ ദേവ് അർധ സെഞ്ചുറി നേടിയത്. ഇതോടൊപ്പം മറ്റൊരു ലോകറെക്കോർഡും പന്ത് സ്വന്തം പേരിലാക്കിയിരുന്നു. ടെസ്റ്റിൽ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച അർധ സെഞ്ചുറിയാണ് ശ്രീലങ്കക്കെതിരെ പന്ത് നേടിയത്. 34 പന്തിൽ അർധ സെഞ്ചുറി നേടിയ എം എസ് ധോണിയുടെ റെക്കോർഡാണ് പഴങ്കഥയായത്.

ഇപ്പോൾ ധോണിയുടെ എല്ലാ റെക്കോർഡുകളും സ്വന്തമാക്കാൻ ഉള്ള കെൽപ്പ് പന്തിനുണ്ടെന്നാണ് മുൻ ഇന്ത്യൻ സൂപ്പർതാരം ഇർഫാൻ പത്താൻ അഭിപ്രായപ്പെടുന്നത്. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ പന്ത് വളരെ മെച്ചപ്പെട്ടുവെന്നും പത്താൻ പറഞ്ഞു.

Read More: കുട്ടിക്കാലചിത്രങ്ങൾ പങ്കുവെച്ച് താരം, കമന്റ് ചെയ്ത് മോഹൻലാലും

24 വയസ്സ് മാത്രമുള്ള പന്ത് ഒരു 10 വർഷം കൂടി ഇതേ ഫോമിൽ തുടരുകയാണെങ്കിൽ പല ലോക റെക്കോർഡുകളും അദ്ദേഹത്തിന് സ്വന്തമാക്കാൻ കഴിയുമെന്നും പത്താൻ അഭിപ്രായപ്പെട്ടു. “മുമ്പ് ലെഗ് സൈഡില്‍ മാത്രം റണ്‍സ് കണ്ടെത്തിയിരുന്ന പന്ത് ഇപ്പോള്‍ ഓഫ് സൈഡില്‍ നിന്നും റണ്‍സ് കണ്ടെത്താന്‍ തുടങ്ങി. അതുപോലെ എല്ലാ പന്തുകളും അടിച്ചകറ്റാതെ പിച്ചില്‍ പിടിച്ചു നില്‍ക്കാനും പന്ത് വഴി കണ്ടെത്തുന്നു. ഇപ്പോള്‍ റെക്കോര്‍ഡിട്ട അര്‍ധസെഞ്ചുറി നോക്കിയാല്‍ പന്ത് ഡിഫന്‍സീവ് ഷോട്ട് കളിച്ചിട്ടില്ല എന്ന് അര്‍ത്ഥമില്ല. ആ ഇന്നിംഗ്സില്‍ അദ്ദേഹം ഡിഫന്‍സീവ് ഷോട്ടുകളും കളിച്ചിരുന്നു. പന്ത് നേടിയ 50 റണ്‍സില്‍ 40 റൺസും വന്നത് ബൗണ്ടറികളിലൂടെയായിരുന്നു. ഏഴ് ഫോറും രണ്ട് സിക്സും പന്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടിരുന്നു.”

Story Highlights: Irfan pathan about rishabh pant