ലോട്ടറി വില്പനക്കാരിയായ 74 കാരി അമ്മയുടെ വേദന കണ്ടു; വീടിന്റെ ആധാരം എടുത്ത് നൽകി സുരേഷ് ഗോപി

March 18, 2022

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതാണ് 74 കാരിയായ ലോട്ടറി വില്പനക്കാരി അമ്മയുടെ വിഡിയോ. മകന്റെ മരണശേഷം വളരെ ബുദ്ധിമുട്ടിലായ പുഷ്പാമ്മ കൊച്ചുമക്കളെ നോക്കുന്നതിനും വീടിന്റെ കടബാധ്യതകൾ വീട്ടുന്നതിനുമൊക്കെയായാണ് ലോട്ടറി വിൽപ്പനയ്ക്കായി ഇറങ്ങിയത്. പ്രായത്തിന്റെ അവശതകൾക്കിടയിലും ജോലിത്തിരക്കുമായി നടക്കുന്ന ഈ അമ്മയുടെ വിഡിയോ സാമൂഹ്യപ്രവർത്തകനായ സുശാന്ത് നിലബൂരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്, വലിയ രീതിയിൽ വൈറലായ വിഡിയോ നടനും എംപിയുമായ സുരേഷ് ഗോപിയും ശ്രദ്ധിക്കപെട്ടതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

വിഡിയോ ശ്രദ്ധയിൽപെട്ട താരം പുഷ്പാമ്മയുടെ പണയത്തിലായ വീടിന്റെ ആധാരം എടുത്തുനൽകുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. സുരേഷ് ഗോപിയുടെ മകനും ചലച്ചിത്രതാരവുമായ ഗോകുൽ സുരേഷാണ് ആധാരം പുഷ്പാമ്മയ്ക്ക് കൈമാറിയത്.

നാല് സെന്റും വീടുമാണ് പുഷ്പാമ്മയ്കും കുടുംബത്തിനും ആകെയുള്ള സമ്പാദ്യം. പ്രളയം കഴിഞ്ഞപ്പോള്‍ നാലു ലക്ഷം രൂപ കിട്ടിയിരുന്നു. എല്ലാ സമ്പാദ്യവും സ്വരുക്കൂട്ടി ഉണ്ടായിരുന്ന സ്വർണവും പണയംവെച്ച് വീട് പുതുക്കിപ്പണിതു. ഇതോടെ വലിയ കടത്തിലായ ഇവർ വീടിന്റെ ആധാരം ബാങ്കിൽ നിന്നും എടുക്കുന്നതിനായാണ് ഈ പ്രായത്തിലും ജോലിയ്ക്ക് ഇറങ്ങുന്നത്. ഏകദേശം 65000 രൂപയോളമുള്ള കടമാണ് ഇപ്പോൾ ഇവർക്കുള്ളത്. ഈ സാഹചര്യത്തിലാണ് സഹായവുമായി സുരേഷ് ഗോപി എത്തുന്നത്.

സുശാന്ത് നിലമ്പൂർ പങ്കുവെച്ച കുറിപ്പ്:

പ്രിയമുള്ളവരേ.. കഴിഞ്ഞ ദിവസം ഞാൻ ഷെയർ ചെയ്ത 74 ലാം വയസ്സിൽ ലോട്ടറി വിൽപ്പന നടത്തുന്ന പുഷ്പ അമ്മൂമ്മയുടെ വീഡിയോ നിരവധി ആളുകളിലേക്ക് എത്തിയിരുന്നു. ഇതു കാണാൻ ഇടയായ ബഹുമാനപെട്ട എംപിയും സിനിമ നടനുമായ സുരേഷ് ഗോപി ഈ വിഷയത്തിൽ ഇടപെടുകയും, പാല്യത്തുരുത്ത് എസ് എൻ ഡി പി ശാഖയിൽ പണയത്തിൽ ഉണ്ടായിരുന്ന ആധാരം പണം അടച്ചു തിരിച്ചെടുക്കുകയും ചെയ്ത വിവരം സന്തോഷ പൂർവ്വം നിങ്ങളെ അറിയിക്കുന്നു. ഇന്നലെ വൈകിട്ട് 4 മണിക്ക് സുരേഷേട്ടന്റെ മകനും സിനിമ നടനുമായ ശ്രീ ഗോകുൽ സുരേഷ് ആധാരം പുഷ്പ അമ്മൂമ്മക്ക് കൈമാറി. ഈ വീഡിയോ കണ്ടു നിരവധിപേർ അമ്മൂമ്മയെ സഹായിച്ചിട്ടുണ്ട്. എല്ലാവർക്കും ഈ അവസരത്തിൽ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

Story highlights: Suresh gopi helps old woman sells lottery