ജീവിതത്തിലും യുദ്ധമുഖത്തും ഒന്നിച്ച്; വിവാഹത്തിന് പിന്നാലെ പ്രതിരോധ സേനയിൽ ചേർന്ന് യുക്രേനിയൻ ദമ്പതികൾ

March 4, 2022

റഷ്യൻ സൈന്യം യുക്രേനിയൻ നഗരമായ കെർസണിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും കീവ്, സുമി, തുടങ്ങിയ നഗരങ്ങളിൽ ബോംബാക്രമണം തുടരുകയും ചെയ്യുമ്പോൾ ലോകം പോലും പകച്ചുനിൽക്കുകയാണ്. എന്നാൽ അവിടെയുള്ള ജനങ്ങൾക്ക് ഒരു നിമിഷംപോലും ആലോചിച്ച് പാഴാക്കാനില്ല. അവർ സൈന്യത്തിൽ ചേർന്ന് രാജ്യത്തിനായി പോരാടാനുള്ള തയ്യാറെടുപ്പിലാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയങ്ങളിൽ പോലും അവർ സൈന്യത്തോട് ചേർന്ന് നിൽക്കുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ വാർത്തകളിൽ നിറയുന്ന യുക്രേനിയൻ ദമ്പതികൾ അഭിമാനവും ഒരല്പം നൊമ്പരവും എല്ലാവരിലേക്കും പകരുകയാണ്.

റിവ്‌നെ മേഖലയിലെ സിറ്റി കൗൺസിലിൽ നിന്നുള്ള ദമ്പതികളുടെ ചിത്രം യുക്രൈനിലെ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി എമിൻ ഡിസെപ്പർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധനേടിയത്. ഇവർ വിവാഹിതരാവുകയും അതിനുപിന്നാലെ തന്നെ തങ്ങളുടെ രാജ്യം സംരക്ഷിക്കാൻ സൈന്യത്തിൽ ചേരുകയും ചെയ്തു.’റിവ്നെ മേഖലയിലെ ബാരിക്കേഡുകളുള്ള സിറ്റി കൗൺസിലിൽ, രണ്ട് ഉക്രേനിയൻ പട്ടാളക്കാർ പരസ്പരം സ്നേഹം പങ്കുവെച്ചു. അവർ സത്യം ചെയ്തുകൊണ്ട് യുക്രൈനെ സംരക്ഷിക്കാൻ പോയി. ഞങ്ങൾ വിജയിക്കും!’ ഫോട്ടോയ്ക്ക് അദ്ദേഹം അടിക്കുറിപ്പ് നൽകി.

Read Also: ലൊക്കേഷനിൽ നൃത്തവുമായി ‘ചക്കപ്പഴം’ താരങ്ങൾ- വിഡിയോ

കഴിഞ്ഞ ആഴ്ച, മറ്റൊരു യുക്രേനിയൻ ദമ്പതികൾ റഷ്യയുടെ അധിനിവേശത്തിന് ശേഷം വിവാഹിതരാകുകയും, തുടർന്ന് യുക്രേനിയൻ പ്രതിരോധ സേനയിൽ ചേരുകയും ചെയ്തിരുന്നു. ഫെബ്രുവരി 24-ന് യുക്രേനിയൻ തലസ്ഥാനമായ കീവിലെ സെന്റ് മൈക്കിൾസ് ഗോൾഡൻ ഡോംഡ് മൊണാസ്ട്രിയിൽ വച്ച് അവർ വിവാഹ ചടങ്ങുകൾ നടത്തി. ഒരു ദിവസത്തിനുശേഷം, റഷ്യൻ അധിനിവേശത്തിനെതിരായ രാജ്യത്തിന്റെ പ്രതിരോധ സേനയിൽ ചേർന്നു. വിവാഹദിനത്തിലെ ബൊക്കെകൾ ഉപേക്ഷിച്ച് എകെ 47 തോക്കുകൾ അവർ കയ്യിലേന്തുമ്പോൾ അഭിമാനവും നൊമ്പരവുമാണ് എല്ലാവര്ക്കും സമ്മാനിക്കുന്നത്.

Story highlights- Ukrainian couple gets married, then joins defence forces