കാടുപിടിച്ച് ഉപേക്ഷിക്കപ്പെട്ട് കിടന്ന കെട്ടിടത്തെ പുത്തൻ രൂപത്തിലാക്കി; കൈയടിനേടി യുവസുഹൃത്തുക്കൾ

March 18, 2022

കാടും പള്ളയും പിടിച്ച് ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന നിരവധി കെട്ടിടങ്ങൾ നമുക്ക് ചുറ്റുമുണ്ട്… ഇവയൊക്കെ കാണുമ്പോൾ വെറുതെ മുഖം തിരിച്ച് പോകുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ ഇത്തരത്തിൽ ഒരു കെട്ടിടത്തെ പെയിന്റ് ചെയ്ത് മനോഹരമാക്കിയ ഒരു കൂട്ടം യുവാക്കളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടുന്നത്. വയനാട് ചീയമ്പം ആദിവാസി കോളനിയിലാണ് ഒഴിഞ്ഞുകിടക്കുന്ന ഈ കെട്ടിടം ഉള്ളത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഈ കെട്ടിടം പുനർ വാസയോഗ്യമാക്കിയെടുക്കുന്നതിനെക്കുറിച്ച് ആദ്യം ചിന്തിച്ചത് സന്നദ്ധ പ്രവര്‍ത്തകനായ ജയ്ശ്രീകുമാറും സംഘവുമാണ്.

ജയ്‌ശ്രീകുമാറിന്റെ സുഹൃത്ത് സുമവിഷ്ണുദാസ് പറഞ്ഞതനുസരിച്ച് ഈ കെട്ടിടം നന്നാക്കിയെടുക്കാൻ ജയ്‌ശ്രീകുമാർ തീരുമാനിക്കുകയിരുന്നു. ഇത് നന്നാക്കിയെടുത്താൽ ഈ ഭാഗത്തുനിന്നുള്ള കുടുംബങ്ങളിലെ 60 കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു ഇടമാവുമെന്ന കാര്യം അറിഞ്ഞതോടെയാണ് ഈ കെട്ടിടം റെഡിയാക്കിയെടുക്കാൻ ജയ്ശ്രീകുമാറും സംഘവുമെത്തിയത്. ഈ കെട്ടിടത്തെ അതിമനോഹരമാക്കണമെന്നും ഇത് ഒരുപാട് കുട്ടികൾക്ക് ഉപകാരപ്രദമാകുമെന്നുമുള്ള കാര്യം പറഞ്ഞ് ജയശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റ് ഇട്ടതോടെ ചീയമ്പത്തെ കെട്ടിടത്തില്‍ ചിത്രം വരക്കാനും പെയിന്റ് ചെയ്യാനുമായി നിരവധി യുവ സുഹൃത്തുക്കളും എത്തി.

Read also: വ്യത്യസ്ത ആകൃതിയിൽ ഒരുങ്ങിയ വീട്, കാഴ്ചക്കാരെ അമ്പരപ്പിച്ച നിർമിതിയ്ക്ക് പിന്നിൽ ചില വിശ്വാസങ്ങളും

മൂന്ന് ദിവസം കൊണ്ട് പലയിടങ്ങളില്‍ നിന്ന് വന്നുചേര്‍ന്നവര്‍ ചീയമ്പലത്തെ ഈ കെട്ടിടത്തിലെ ചുമരുകളില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് മായാജാലം തന്നെ തീര്‍ക്കുകയായിരുന്നു. ഒപ്പം നാട്ടുകാരും കോളനിനിവാസികളുമടക്കം ഇവർക്ക് സഹായങ്ങളുമായി കൂടെയെത്തിയതും ഇതിന് കൂടുതൽ ഊർജം പകർന്നു. കെട്ടിടം കഴുകി വൃത്തിയാക്കുന്നതിനായി നാട്ടുകാരും കോളനി നിവാസികളും ചേർന്നപ്പോൾ കെട്ടിടത്തിൽ മനോഹരമായി ചുമർ ചിത്രങ്ങൾ ഒരുക്കുന്നതിനായി ഇവിടെത്തിയ യുവ സുഹൃത്തുക്കളും എത്തി. അങ്ങനെ പൊട്ടിപ്പൊളിഞ്ഞ് ആരാലും ഉപേക്ഷിക്കപ്പെട്ട് പോകാനായിരുന്ന ആ കെട്ടിടം ഇപ്പോൾ അതിമനോഹരമായ ഒന്നായി മാറിയിരിക്കുകയാണ്. ഗംഭീരമായ പെയിന്റിങിനൊപ്പം ഇവിടെ ആവശ്യമായിരുന്ന അറ്റകുറ്റപ്പണികളും ഇവിടെത്തിയവർ ചേർന്ന് ചെയ്യുന്നുണ്ട്. ഇതിന് സഹായഹസ്തവുമായി മുന്നോട്ട് വരുന്നവരും ഉണ്ട്. ഇപ്പോഴും ഇവരെ സഹായിക്കാന്‍ സന്നദ്ധതയുള്ളവരെ ക്ഷണിക്കുന്നുണ്ട്.

Story highlights: youth decorated abandoned building for kids