പ്രിയപ്പെട്ട മമ്മൂട്ടി സർ, ആ ‘നന്നായി’ തന്ന ഊർജ്ജം വാക്കുകൾക്കും മേലെയാണ്- ദേവദത്ത് ഷാജി

April 7, 2022

തിയേറ്ററുകൾക്ക് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമിലും നിറഞ്ഞ കൈയടിനേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. മമ്മൂട്ടി എന്ന അതുല്യ കലാകാരൻ മൈക്കിൾ എന്ന കഥാപാത്രമായി അവതരിച്ച ചിത്രം നിരവധി പ്രത്യേകതകളോടെയാണ് ആരാധകരിലേക്കെത്തിയത്. ഇപ്പോഴിതാ സിനിമയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മമ്മൂട്ടി എന്ന നടൻ തന്റെ ജീവിതം മാറിമറിയാൻ കരണമായതിനെക്കുറിച്ചാണ് ദേവദത്ത് പങ്കുവയ്ക്കുന്നത്. സിനിമയിൽ എത്തുന്നതിന് മുൻപ് താൻ ഒരുക്കിയ ഹ്രസ്വ ചിത്രം കണ്ടപ്പോൾ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ജീവിതത്തിലുടനീളം ഊർജം നൽകിയത് എന്നാണ് ദേവദത്ത് പങ്കുവയ്ക്കുന്നത്.

ദേവദത്ത് ഷാജിയുടെ വാക്കുകൾ:

2018 ജനുവരി, ഏറ്റവും ഒടുവിൽ ചെയ്ത ‘എന്റെ സ്വന്തം കാര്യം’ ഷോർട്ട് ഫിലിം യൂടൂബിൽ റിലീസായിരിക്കുന്ന സമയം. ആലുവയിലെ റൂമിൽ രാത്രി സുഹൃത്തുക്കളുമായി ഇരിയ്ക്കുന്നു. കാഴ്ചക്കാർ നല്ല അഭിപ്രായം പറയുന്നുണ്ടെങ്കിലും വ്യൂസ് കേറുന്നില്ല എന്നുള്ള പരിഭവത്തിലാണ് എല്ലാവരും. കോണ്ടാക്ടിൽ ഉള്ളവർക്കെല്ലാം ഷോർട്ട് ഫിലിം ലിങ്ക് ഫോർവേഡ് ചെയ്തുകൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ക്യാമറാമാൻ, പ്രിയ സഹോദരൻ ഹരികൃഷ്ണൻ ലോഹിതദാസ് തന്റെ മൊബൈൽ സ്ക്രീൻ എന്റെ മുന്നിലേക്ക് നീട്ടുന്നത്.

ഷോർട്ട് ഫിലിമിന് ആരോ “നന്നായി” എന്ന് റിപ്ലൈ ചെയ്തിരിക്കുന്നു. ചാറ്റ് ബോക്സിന്റെ മുകളിൽ മെസ്സേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി. “മമ്മൂക്ക”. വർഷങ്ങൾ കഴിഞ്ഞു. ഭീഷ്മ പർവ്വത്തിൽ കൂടെ വർക്ക്‌ ചെയ്തവരിൽ ഒരാൾ കോൾ ചെയ്തു, “നിന്നെ അമൽ സർ അന്വേഷിയ്ക്കുന്നുണ്ട് .. മമ്മൂക്കയുടെ റൂമിലേക്ക്…”.

കുടിച്ചുകൊണ്ടിരുന്ന ചായ പകുതിയാക്കി അവിടേക്ക് ഓടി. ചെല്ലുമ്പോൾ മമ്മൂട്ടി സർ, അമൽ നീരദ് സർ, അബു സലീമിക്ക , ജോർജേട്ടൻ തുടങ്ങിയവരുണ്ട്. മമ്മൂട്ടി സർ വലതുകൈ കൊണ്ട് എന്നെ നോക്കി മാസ്ക് മാറ്റാനായി ആക്ഷൻ കാണിച്ചു. അമൽ സർ എന്നെ പരിചയപ്പെടുത്തി. മമ്മൂട്ടി സർ വിശേഷങ്ങൾ ചോദിച്ചു.

Read also: കൈയിൽ ത്രിവർണ പതാകയുമായി യുവാവ് 50 മണിക്കൂറിൽ ഓടിത്തീർത്തത് 350 കിലോമീറ്റർ, പിന്നിൽ ചെറുതല്ലാത്തൊരു കാരണവും

ഞാൻ കൈകൾ പിന്നിൽ കെട്ടി തിരുമ്മുന്നു. നല്ലവണ്ണം കൈകൾ വിറയ്ക്കുന്നത് ശ്രദ്ധിച്ചിട്ടാവണം ജോർജേട്ടൻ പതിയെ പിന്നിൽ കൂടി വന്ന് കൈകളിൽ മുറുക്കെ പിടിച്ചു. വിശേഷങ്ങളുടെ കൂട്ടത്തിൽ അന്നത്തെ ഷോർട്ട് ഫിലിം കണ്ടുള്ള മറുപടിയെ പറ്റി പറയണം എന്നുണ്ടായിരുന്നു. എന്തുകൊണ്ടോ സാധിച്ചില്ല. പിന്നീട് മാസങ്ങളോളം നീണ്ട ‘ഭീഷ്മ പർവ്വം’ ചിത്രീകരണത്തിന് ഇടയിലും, ശേഷം കണ്ടപ്പോഴും ഒന്നും ഈ കാര്യം പറയാനുള്ള അവസരമോ ധൈര്യമോ ലഭിച്ചില്ല.. പ്രിയപ്പെട്ട മമ്മൂട്ടി സർ, ആ “നന്നായി” തന്ന ഊർജ്ജം വാക്കുകൾക്കും മേലെയാണ്.

Story highlights: Devadath Shaji About Mammootty