മഴയും മഞ്ഞും വെയിലും ഒരുപോലെ അനുഭവിക്കാം- ഫെയറിടെയിൽ പോലൊരു ദ്വീപസമൂഹം

April 2, 2022

യൂറോപ്പിന്റെ തീരത്ത് നിന്ന് 407 മൈൽ അകലെയുള്ള വിദൂര ദ്വീപസമൂഹമാണ് ഫറോ ദ്വീപുകൾ. നമ്മൾ സ്വപ്നത്തിൽ കാണുന്നതും സങ്കല്പിക്കുന്നതുമായ അതിമനോഹര പ്രകൃതി ദൃശ്യങ്ങളാണ് ഫറോ ദ്വീപിനെ വേറിട്ട് നിർത്തുന്നത്. ഒരു ഫെയറിടെയിൽ പോലെ തോന്നിക്കുന്ന ഈ പ്രദേശം ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്.

ഫറോ ദ്വീപുകൾ ഡെൻമാർക്കിന്റെ ഭാഗമല്ല എന്നതാണ് ഏറ്റവും പ്രധാനം. ഫറോസ് ജനതയ്ക്ക് അവരുടേതായ ഭാഷ, ആചാരങ്ങൾ, ജീവിതരീതി എന്നിവയുണ്ട്. ഡെന്മാർക്കിലെ സ്വയംഭരണ രാജ്യമാണ് ഫറോ ദ്വീപുകൾ. ഫറോസാണ് അവിടുത്തെ ഭാഷ. 18 ദ്വീപുകളുടെ സമൂഹമായ ഫറോയിലെ ജനസംഖ്യ വെറും 50,000 മാത്രമാണ്.

ദ്വീപുകളിലെ കുത്തനെയുള്ള മലഞ്ചെരുവുകളും, വെള്ളച്ചാട്ടങ്ങളും, കാൽനടയാത്രയും ധാരാളം സാഹസികരെ ആകർഷിക്കുന്നു. കടൽ മുതൽ പർവതശിഖരങ്ങൾ വരെ നീളുന്ന പച്ചനിറത്തിലുള്ള പുല്ലുകൾ നിറഞ്ഞ ഭൂപ്രകൃതിയാണ് മറ്റൊരു പ്രത്യേകത.

മേഘ കാഴ്ചകളും കാറ്റുമെല്ലാം ഇങ്ങോട്ടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. ഒരു സ്ഥലത്ത് മഴ, അടുത്ത സ്ഥലത്ത് മഞ്ഞ്, മറ്റൊരിടത്ത് സൂര്യൻ എന്നിവയെല്ലാം ഒരുപോലെ അനുഭവപ്പെടുന്നത് ഇവിടെ മാത്രമാണ്. ‘നിങ്ങൾക്ക് നാല് സീസണുകളും അക്ഷരാർത്ഥത്തിൽ ഒരു ദിവസം അനുഭവിക്കാൻ കഴിയും’ എന്നാണ് ടൂറിസം വെബ്സൈറ്റ് പറയുന്നത്.

ഫറോ ദ്വീപുകളിൽ പ്രതിവർഷം 300 ദിവസത്തെ മഴ ലഭിക്കാറുണ്ട്. അതുകൊണ്ട് ടർഫ് മേൽക്കൂരകൾ ഈ തുടർച്ചയായുള്ള മഴയിൽ നിന്ന് വീടുകളെ സംരക്ഷിക്കുന്നു. ഇന്നത്തെ പുതിയ കെട്ടിടങ്ങൾ ആധുനിക നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പച്ചവിരിച്ച മേൽക്കൂരകൾ നിറഞ്ഞ വീടുകളാണ് ഈ പ്രദേശത്തിന്റെ ഭംഗി കൂട്ടുന്നത്.

ഫറോ ദ്വീപുകളിൽ കുറച്ച് മാത്രമാണ് മരങ്ങൾ ഉള്ളത്. അത് ഈ പ്രദേശത്ത് കാലങ്ങളായി ഉള്ള മരങ്ങളുമല്ല. ഫറോസിനോട് സമാനമായ കാലാവസ്ഥയുള്ള അലാസ്ക, തെക്കേ അമേരിക്കയിലെ ടിയറ ഡെൽ ഫ്യൂഗോ എന്നിവിടങ്ങളിൽ നിന്നാണ് മിക്ക മരങ്ങളും കൊണ്ടുവന്നത്. ഈ മരങ്ങൾ ചെറിയ തോട്ടങ്ങളിൽ കൂട്ടമായി കിടക്കുന്നു.

ഫറോയിൽ ജനിച്ചു വളർന്ന സ്ത്രീകൾ വളരെ കുറവാണ്. കാരണം, അവർ വിദേശത്തേക്ക് പഠിക്കാനായി പോകുകയും പിന്നീട് മടങ്ങിയെത്തതാകുകയും ചെയ്തു. അങ്ങനെ ദ്വീപിലെ പുരുഷന്മാർ ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവടങ്ങളിൽ നിന്നുമൊക്കെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വൈവിധ്യമാർന്ന സംസ്കാരങ്ങളും ഇവിടെ ഉയർന്നു വന്നിട്ടുണ്ട്.

Read Also: ബംഗാളി ഗാനത്തിന് നാടൻ ചുവടുകളുമായി അമേരിക്കൻ വംശജൻ- വിഡിയോ

ഇവിടെ വളരെ ചെറിയ കുറ്റകൃത്യങ്ങൾ മാത്രമാണുള്ളത്. അതുകൊണ്ട് ദ്വീപുകൾക്ക് ജയിലില്ല. ആരെങ്കിലും നിയമം ലംഘിച്ചാൽ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ സ്‌ട്രെയ്‌മോയിയിൽ 12 സെൽ ജയിലുണ്ട്. തടവുകാർക്ക് സ്വന്തമായി ഒരു സെൽ നൽകും. അതിൽ ഒരു ടെലിവിഷൻ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ അവർക്ക് മിനി-ഗോൾഫ് കോഴ്‌സ് ഉപയോഗിക്കാൻ അനുവാദമുണ്ട്. 18 മാസമോ അതിൽ കുറവോ ശിക്ഷ അനുഭവിക്കുന്ന അഹിംസാത്മക കുറ്റവാളികൾക്ക് മാത്രമേ ഇവിടെ തുടരാനാകൂ. ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്ന ആരെയെങ്കിലും അല്ലെങ്കിൽ കൂടുതൽ തടവുശിക്ഷ ആവശ്യമുള്ളവരെ ഡെൻമാർക്കിലെ ജയിലിലേക്ക് അയയ്‌ക്കുന്നു.

Story highlights- Faroe Islands In Denmark