യുക്രൈനിൽ ഉപേക്ഷിക്കപ്പെട്ട വളർത്തുമൃഗങ്ങൾക്കായി ഏഴുലക്ഷം രൂപ കണ്ടെത്തി ഇൻസ്റ്റാഗ്രാം താരമായ പൂച്ച ..!

April 1, 2022

റഷ്യ യുക്രൈനെ ആക്രമിച്ചതിന് ശേഷം വേർപിരിയലിന്റെയും നഷ്ടങ്ങളുടെയും നൂറുകണക്കിന് ഹൃദയഭേദകമായ അനുഭവങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും ശ്രദ്ധനേടുന്നത്. നെയ്തുകൂട്ടിയ സ്വപ്നങ്ങളും ജീവിതവും പാതിവഴിയിൽ ഉപേക്ഷിച്ച് പലരും നാട് വിട്ടകലുന്ന കാഴ്ചകൾ മാത്രം. ജീവനും കയ്യിലേന്തി നാടുവിടുമ്പോൾ സ്നേഹിച്ചുവളർത്തിയ മൃഗങ്ങളെ അവിടെ ഉപേക്ഷിക്കേണ്ടി വരുന്നത് അതിലും നൊമ്പരമുണർത്തുന്ന ഒരു കാഴ്ച്ചയാണ്.

ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിലെ താരമായ സ്റ്റെപാൻ എന്ന പൂച്ച യുക്രൈനിലെ വളർത്തുമൃഗങ്ങൾക്കായും അവരുടെ സംരക്ഷണത്തിനായും ഏഴുലക്ഷം രൂപ സ്വരൂപിച്ചിരിക്കുകയാണ്. റഷ്യൻ ആക്രമണത്തിനിടയിൽ പല യുക്രേനിയക്കാരും തങ്ങളുടെ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കാൻ വിസമ്മതിച്ചിരുന്നു. കേരളത്തിലേക്ക് മടങ്ങാനും പലരും ഇക്കാരണം കൊണ്ട് വിസമ്മതിച്ചത് വാർത്തയായിരുന്നു. എന്നിട്ടും കുടിയിറക്കപ്പെട്ട പലർക്കും അവരുടെ വളർത്തുമൃഗങ്ങളെ തങ്ങളോടൊപ്പം കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല.

സംരക്ഷണം ആവശ്യമുള്ള വളർത്തുമൃഗങ്ങളെ സഹായിക്കുന്നതിനായി സ്റ്റെപാന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പണം സ്വരൂപിക്കാൻ തുടങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്. ‘എന്റെ പ്രിയ സുഹൃത്തുക്കളെ, യുക്രൈനെതിരായ ഞെട്ടിക്കുന്ന യുദ്ധത്തിന്റെ വെളിച്ചത്തിൽ, എനിക്ക് മാറി നിൽക്കാൻ കഴിയില്ല. യുദ്ധത്തിന്റെ ഇരകളായിത്തീർന്ന സ്വയം പരിപാലിക്കാൻ കഴിയാത്ത എന്റെ സുഹൃത്തുക്കളെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ നിമിഷം, മൃഗങ്ങളെ സംരക്ഷിക്കുന്ന യുക്രേനിയൻ സംഘടനകൾക്കായി ഞാൻ സംഭാവനകൾ ശേഖരിക്കാൻ തുടങ്ങുന്നു’- പൂച്ചയുടെ പേരിലുള്ള ഇൻസ്റ്റാഗ്രാം പേജ് ഹാൻഡിൽ ചെയ്യുന്നവർ കുറിക്കുന്നു.

Read Also: കൊച്ചിയിൽ ഇനി സിനിമാക്കാലം; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു, ഉദ്ഘാടനം ചെയ്ത് മോഹൻലാൽ

അതേസമയം, വളർത്തുമൃഗങ്ങളെ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഒഴിവാക്കിക്കൊണ്ട് യുക്രൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിരുന്നു.

Story highlights- Instagram cat raises Rs 7.6 lakh for pets stranded in Ukraine