പരാഗിന്റെ ഒറ്റയാൾ പ്രകടനം, ഭേദപ്പെട്ട സ്‌കോർ നേടി രാജസ്ഥാൻ; മറുപടി ബാറ്റിങ്ങിൽ തകർച്ച നേരിട്ട് ബാംഗ്ലൂർ

April 26, 2022

ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ തുടക്കത്തിൽ അടി പതറിയ രാജസ്ഥാൻ റോയൽസിനെ റിയാന്‍ പരാഗ് ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. പരാഗിന്റെ അവസാന ഓവറുകളിലെ തകർപ്പൻ അടിയാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോർ നൽകിയത്. 31 പന്തിൽ 56 റൺസ് നേടിയ പരാഗിന്റെയും 21 പന്തിൽ 27 റൺസ് അടിച്ചെടുത്ത നായകൻ സഞ്ജു സാംസണിന്റെയും കരുത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് രാജസ്ഥാൻ അടിച്ചു കൂട്ടിയിരിക്കുന്നത്.

മറുപടി ബാറ്റിങ്ങിൽ 145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയിരിക്കുന്ന ബാംഗ്ലൂർ ബാറ്റിംഗ് തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. 12 ഓവറിൽ 67 റൺസ് എടുക്കുന്നതിനിടയിൽ 5 വിക്കറ്റാണ് ബാംഗ്ലൂരിന് നഷ്ടമായിരിക്കുന്നത്.

നേരത്തെ രണ്ട് വിക്കറ്റ് വീതം നേടിയ ആർസിബിയുടെ മുഹമ്മദ് സിറാജ്, വാനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് രാജസ്ഥാൻ ബാറ്റിംഗ് നിരയെ തകർത്തത്. പവര്‍പ്ലേയില്‍ തന്നെ രാജസ്ഥാന് 3 വിക്കറ്റ് നഷ്ടമായിരുന്നു. ഒരു ഘട്ടത്തിൽ 3 വിക്കറ്റിന് 33 റൺസ് എന്ന നിലയിൽ പകച്ചു നിന്ന രാജസ്ഥാനെ നായകൻ സഞ്ജു സാംസണാണ് കര കയറ്റിയത്. ആരാധകരെ ആവേശം കൊള്ളിച്ച 3 സിക്‌സറുകൾ പായിച്ച സഞ്ജു ഹസരങ്കയുടെ പന്തില്‍ ബൗൾഡ് ആയതോട് കൂടി രാജസ്ഥാൻ വീണ്ടും പ്രതിസന്ധിയിലായി.

8 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിൽ തകർന്ന് നിന്ന രാജസ്ഥാൻ റോയൽസിനെ ഒറ്റയാൾ പോരാട്ടം നടത്തിയാണ് പരാഗ് 144 എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.പരാഗിന്റെ ഇന്നിങ്സിൽ 4 സിക്സറുകളും 3 ബൗണ്ടറികളും ഉൾപ്പെട്ടിരുന്നു.

Read More: ബാംഗ്ലൂർ താരങ്ങൾക്കായി കെജിഎഫ് പ്രത്യേക പ്രദർശനം; കയ്യടിച്ചും വിസിലടിച്ചും താരങ്ങൾ

മറുപടി ബാറ്റിങ്ങിൽ വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനം തന്നെയാണ് മുൻ നായകൻ കൂടിയായ വിരാട് കോലി കാഴ്‌ചവെച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഡക്കിന് പുറത്തായ കോലി ഇത്തവണ രണ്ടക്കം കാണുന്നതിന് മുൻപ് തന്നെ പവലിയനിലേക്ക് മടങ്ങി. 10 പന്തിൽ നിന്ന് 9 റൺസായിരുന്നു കോലിയുടെ സമ്പാദ്യം.

Story Highlights: Rajasthan gets decent score against rcb