ബട്ലറിന്റെ ആറാട്ട്, സഞ്ജുവിന്റെ കലാശക്കൊട്ട്; ഡൽഹിക്കെതിരെ കൂറ്റൻ സ്‌കോർ നേടി രാജസ്ഥാൻ

April 22, 2022

ജയിക്കാൻ ഉറപ്പിച്ചു തന്നെയാണ് രാജസ്ഥാൻ ഇന്നിറങ്ങിയിരിക്കുന്നത്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സഞ്ജുവിന്റെ ടീം ഡൽഹിക്ക് നൽകിയ സൂചനയും ഇത് തന്നെയാണ്. 20 ഓവറുകളും തകർത്തടിച്ച രാജസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 6 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 55 റൺസെടുത്തിട്ടുണ്ട്.

ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചു കൂട്ടിയിട്ടുള്ള ജോസ് ബട്ലർ തന്നെയാണ് രാജസ്ഥാനെ മുന്നിൽ നിന്ന് നയിച്ചത്. ഗ്രൗണ്ടിൽ ബട്ലറുടെ സംഹാര താണ്ഡവമാണ് കണ്ടത്. ഡൽഹി ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ബട്ലർ 65 പന്തിൽ 113 റൺസാണ് അടിച്ചു കൂട്ടിയത്. 35 പന്തിൽ 54 റൺസെടുത്ത മലയാളി താരം ദേവദത്ത് പടിക്കലും മികച്ച പിന്തുണയാണ് ബട്ലർക്ക് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 155 റൺസാണ് അടിച്ചു കൂട്ടിയത്. 15 ഓവറുകളാണ് ഇരുവരും ഡൽഹി ബൗളർമാരെ തകർത്തടിച്ചത്.

പടിക്കൽ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സഞ്ജുവാണ് അവസാന ഓവറുകളിൽ വെടിക്കെട്ടിന് തിരി കൊളുത്തിയത്. 19 പന്തിൽ 46 റൺസെടുത്ത രാജസ്ഥാൻ നായകന്റെ അവസാന ഓവറുകളിലെ കൂറ്റനടികളാണ് സ്‌കോർ 200 കടത്തിയത്.

മിക്ക ഡൽഹി ബൗളർമാരും 40 ൽ കൂടുതൽ റൺസ് വഴങ്ങിയിരുന്നു. ഡൽഹിക്ക് വേണ്ടി ഖലീൽ അഹമ്മദും മുസ്തഫിസുർ റഹ്‌മാനും ഓരോ വിക്കറ്റ് വീതം നേടി.

Read More: ബാംഗ്ലൂർ താരങ്ങൾക്കായി കെജിഎഫ് പ്രത്യേക പ്രദർശനം; കയ്യടിച്ചും വിസിലടിച്ചും താരങ്ങൾ

അതേ സമയം കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ഹാട്രിക്ക് നേടി രാജസ്ഥാന്റെ വിജയശിൽപിയായി മാറിയ യുസ്‌വേന്ദ്ര ചാഹലിലാണ് രാജസ്ഥാന്റെ ബൗളിംഗ് പ്രതീക്ഷകളത്രയും. ചാഹലിന് മികച്ച പിന്തുണയുമായി ട്രെന്‍റ് ബോൾട്ട് കൂടി ചേരുമ്പോൾ ഡൽഹി ടീമിൽ കനത്ത നാശം വിതയ്ക്കാൻ രാജസ്ഥാൻ ബൗളർമാർക്ക് കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

Story Highlights: Rajasthan gets massive score against delhi