150 നരികെ സഞ്ജു സാംസൺ; ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ താരത്തെ കാത്തിരിക്കുന്നത് നിർണായക റെക്കോർഡ്

April 26, 2022

ഇന്ന് രാത്രി 7.30 ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാൻ രാജസ്ഥാൻ റോയൽസ് ഇറങ്ങുമ്പോൾ നായകൻ സഞ്ജു സാംസണെ കാത്തിരിക്കുന്നത് നിർണായക റെക്കോർഡ്. ഐപിഎല്ലിൽ 150 സിക്‌സറുകൾ എന്ന റെക്കോർഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. 3 സിക്‌സ് കൂടി നേടിയാൽ സഞ്ജു ഐപിഎൽ ചരിത്രത്തിൽ 150 സിക്‌സറുകൾ നേടുന്ന താരമാവും.

അതേ സമയം രാജസ്ഥാൻ ബൗളർ രവിചന്ദ്രൻ അശ്വിനും റെക്കോർഡിനരികെയാണ്. ഒരു വിക്കറ്റ് കൂടി നേടിയാൽ അശ്വിന് ഐപിഎല്ലിൽ 150 വിക്കറ്റുകളാവും.

ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാന്റെ ഇന്നത്തെ മത്സരം. വാശിയേറിയ പോരാട്ടമായിരിക്കും ഇന്നത്തെ രാജസ്ഥാൻ-ബാംഗ്ലൂർ മത്സരമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.വിജയത്തേരോട്ടം തുടരാനായി രാജസ്ഥാൻ ഇന്നിറങ്ങുമ്പോൾ കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സിനോടേറ്റ കനത്ത തോൽവിയുടെ ക്ഷീണം മാറ്റാനാണ് ആർസിബി ഇന്നിറങ്ങുന്നത്.

മികച്ച ഫോമിലുള്ള ജോസ് ബട്ലറിൽ തന്നെയാണ് രാജസ്ഥാന്റെ ബാറ്റിംഗ് പ്രതീക്ഷകളത്രയും. ഓറഞ്ച് ക്യാപ്പിനുടമ കൂടിയായ ബട്ലർ തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളിൽ കാഴ്‌ചവെച്ചത്. മികച്ച പിന്തുണ തന്നെയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ, മലയാളി താരം ദേവദത്ത് പടിക്കൽ, ഷിംറോൺ ഹെറ്റ്മെയർ അടക്കം ബട്ലറിന് നൽകുന്നത്. ട്രെന്റ് ബോൾട്ടും പ്രസിദ്ധ് കൃഷ്‌ണയും നയിക്കുന്ന പേസ് നിരയും ചാഹലും രവിചന്ദ്രൻ അശ്വിനും നയിക്കുന്ന സ്‌പിൻ നിരയും രാജസ്ഥാനെ മികച്ച ബൗളിംഗ് നിരയാക്കി മാറ്റുന്നുണ്ട്.

Read More: തനി തമിഴ് ‘മാപ്പിള’യായി ചെന്നൈ സൂപ്പർ കിങ്‌സ് താരം കോൺവേ; പ്രീ വെഡ്ഡിങ് പാർട്ടിയിൽ തമിഴ് സ്റ്റൈലിൽ ‘തല’ ധോണിയും

അതേ സമയം ഫോം കണ്ടെത്താൻ വിഷമിക്കുന്ന മുൻ നായകൻ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ഏറ്റവും വലിയ തലവേദന. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റണ്ണൊന്നും എടുക്കാതെ ഡക്ക് ആവുകയായിരുന്നു കോലി. ജോഷ് ഹെയ്‌സൽവുഡ്, മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ തുടങ്ങിയ ബൗളർമാരുടെ പ്രകടനത്തിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ മത്സരത്തിലെ ബാംഗ്ലൂരിന്റെ പ്രകടനം.

Story Highlights: Sanju samson record