പ്രിയപ്പെട്ട സലിം ഘൗസിന് വിട..- താഴ്വാരത്തിലെ വില്ലന് യാത്രാമൊഴി ചൊല്ലി മോഹൻലാൽ

April 29, 2022

നിരവധി ഹിന്ദി, തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ച മുതിർന്ന നടനും നാടക സംവിധായകനുമായ സലിം ഘൗസ് അന്തരിച്ചു. അദ്ദേഹത്തിന് 70 വയസ്സായിരുന്നു.വ്യാഴാഴ്ച മുംബൈയിൽ ആയിരുന്നു ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചത്. ഹൃദയാഘാതം ഉണ്ടായ ഘൗസിനെ വെള്ളിയാഴ്ച വൈകുന്നേരമാണ് കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ശനിയാഴ്ച പുലർച്ചയോടെ മരിച്ചു.

ചെന്നൈയിൽ ജനിച്ച ഘൗസ് പൂനെ ആസ്ഥാനമായുള്ള ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. 80കളിൽ ടെലിവിഷനിലെ ഏറ്റവും പരിചിതമായ മുഖങ്ങളിലൊന്നായിരുന്നു ഇദ്ദേഹം. സലിം ഘൗസ് നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രവർത്തിച്ചിരുന്നുവെങ്കിലും മലയാളികൾക്ക് ഇദ്ദേഹത്തെ പരിചയമുള്ളത് താഴ്‌വാരം എന്ന സിനിമയിലെ രാഘവൻ എന്ന കഥാപത്രത്തിലൂടെയാണ്.

മോഹൻലാൽ നായകനായ താഴ്വാരത്തിൽ വില്ലൻ വേഷത്തിലാണ് നടൻ എത്തിയത്. പിന്നീട് ഉടയോൻ എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു. പ്രിയനടന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണ് മോഹൻലാൽ. ‘പ്രിയപ്പെട്ട സലിം ഘൗസിന് വിട. മലയാളികൾക്ക് മറക്കാനാവാത്ത താഴ്‌വാരത്തിലെ രാഘവൻ ഉൾപ്പെടെ, പല ഭാഷകളിലായി ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ കലാകാരനെയാണ് നമുക്ക് നഷ്ടമായത്. ആദരാഞ്ജലികൾ’- മോഹൻലാലിൻറെ വാക്കുകൾ.

Read Also: “ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ..”; പാട്ട് വേദിയെ ഇളക്കിമറിച്ച് ശ്രീഹരിയുടെ ഗാനം

ദൂരദർശനിലെ സീരിയലുകളിലൂടെയാണ് സലിം ശ്രദ്ധേയനായി മാറിയത്. പൂനെ എഫ്ടിഐഐയിൽ നിന്ന് ബിരുദം നേടിയ ആളായിരുന്നു സലിം. തന്റെ അവസാന സമയങ്ങളിൽ നടൻ മുംബൈയിലെ നാടക പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു. ഒരു ശ്രദ്ധേയനായ നടൻ എന്നതിലുപരിനിരവധി ചിത്രങ്ങൾക്ക് ഡബ്ബ് ചെയ്ത അദ്ദേഹം ഒരു വോയ്‌സ് ഓവർ ആർട്ടിസ്റ്റ് കൂടിയായിരുന്നു.

Story highlights- Veteran actor Salim Ghouse passes away at 70