ഹൈദരാബാദിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്; ജയം 21 റൺസിന്

May 5, 2022

ഐപിഎല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മിന്നുന്ന വിജയം നേടി ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ്. 21 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ കീഴടക്കിയത്. ഡൽഹി ഉയർത്തിയ 208 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

62 റൺസെടുത്ത നിക്കോളാസ് പുരാൻ ഹൈദരാബാദിനായി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 3 വിക്കറ്റിട്ട ഖലീൽ അഹമ്മദും 2 വിക്കറ്റ് പിഴുത ഷർദുൽ ഠാക്കൂറുമാണ് ഡൽഹി ബൗളിംഗ് നിരയിൽ നിർണായക പ്രകടനം കാഴ്ചവെച്ചത്.

നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി ക്യാപിറ്റൽസ് കൂറ്റൻ സ്‌കോറാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് സൺറൈസേഴ്സിന്റെ താരമായിരുന്ന ഡേവിഡ് വാർണറുടെയും റൊവ്‌മാന്‍ പവലിന്‍റെയും അര്‍ധ സെഞ്ചുറികളാണ് ഹൈദരാബാദിനെതിരെ ഡൽഹിക്ക് വമ്പൻ സ്‌കോർ സമ്മാനിച്ചത്.

52 പന്തിൽ 92 റൺസെടുത്ത ഡേവിഡ് വാർണറുടെയും 35 പന്തിൽ 67 റൺസെടുത്ത റൊവ്‌മാന്‍ പവലിന്‍റെയും ബാറ്റിംഗ് കരുത്തിലാണ് ഡൽഹി ക്യാപിറ്റൽസ് 3 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തത്. ഹൈദരാബാദിനായി ഭുവനേശ്വർ കുമാറും ഷോൺ ആബട്ടും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീതം നേടി.

Read More: ‘എനിക്ക് വയ്യ നിങ്ങളുടെ കൂടെ ഓടാൻ…’; ആരാധകരുടെയിടയിൽ ചിരി പടർത്തി കോലി-മാക്‌സ്‌വെൽ സംഭാഷണം

ബാറ്റിംഗ് തകർച്ചയോടെയായിരുന്നു ഡൽഹി തുടങ്ങിയത്. പൃഥ്വി ഷായ്ക്ക് പകരം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത മന്‍ദീപ് സിംഗിനെ ഭുവനേശ്വര്‍ കുമാര്‍ ആദ്യ ഓവറിൽ തന്നെ പുറത്താക്കി. പിന്നീട് മിച്ചൽ മാർഷും നായകൻ ഋഷഭ് പന്തും പുറത്തായതിന് ശേഷം 85-3 എന്ന നിലയിൽ ഡൽഹി നിൽക്കുമ്പോഴാണ് പവലും വാര്‍ണറും ക്രീസിൽ ഒരുമിക്കുന്നത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടാണ് നേടിയത്. 34 പന്തിൽ വാർണർ അര്‍ധസെഞ്ചുറി തികച്ചപ്പോൾ 30 പന്തിലാണ് പവൽ അര്‍ധസെഞ്ചുറി നേടിയത്.

Story Highlights: Delhi won by 21 runs against hyderabad