അക്‌സർ പട്ടേലിനും ഡൽഹിയെ കര കയറ്റാനായില്ല; മിന്നുന്ന വിജയം സ്വന്തമാക്കി ലഖ്‌നൗ

May 1, 2022

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 6 റൺസിന്റെ മിന്നുന്ന ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയൻറ്സ്. 196 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹിക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.

ഡൽഹിക്കായി നായകൻ ഋഷഭ് പന്ത് 44 റൺസെടുത്തപ്പോൾ അവസാന ഓവറുകളിൽ വിജയപ്രതീക്ഷ നൽകിയ അക്‌സർ പട്ടേൽ പുറത്താവാതെ 42 റൺസ് നേടി. വെറും 16 റൺസ് മാത്രം വിട്ടുകൊടുത്ത് ഡൽഹിയുടെ 4 വിക്കറ്റുകൾ പിഴുത മൊഹ്സിന് ഖാന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് ലഖ്‌നൗവിന്റെ വിജയത്തിൽ നിർണായകമായത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നായകൻ രാഹുലിന്റെ തീരുമാനം പൂർണമായും ശരിയായിരുന്നുവന്ന് തെളിയിക്കുന്ന പ്രകടനമാണ് ലഖ്‌നൗ ബാറ്റ്‌സ്മാന്മാർ പുറത്തെടുത്തത്. വമ്പനടികളുമായി 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് ലഖ്‌നൗ അടിച്ചു കൂട്ടിയത്.

ലഖ്‌നൗ ബാറ്റിംഗ് നിരയിൽ നായകൻ രാഹുൽ തന്നെയാണ് തിളങ്ങിയത്. 51 പന്തിൽ 77 റൺസെടുത്ത് രാഹുൽ മുന്നിൽ നിന്ന് നയിച്ചപ്പോൾ 34 പന്തിൽ 52 റൺസ് നേടി ദീപക് ഹൂഡ നായകന് ശക്തമായ പിന്തുണ നൽകി. ഹൂഡ-രാഹുല്‍ സഖ്യം 95 റൺസാണ് ലഖ്‌നൗവിന് വേണ്ടി അടിച്ചു കൂട്ടിയത്. ഷാർദുല്‍ ഠാക്കൂറാണ് ഡൽഹിക്ക് വേണ്ടി ലഖ്‌നൗവിന്റെ 3 വിക്കറ്റുകളും നേടിയത്.

Read More: ‘എന്തുണ്ട് ,മച്ചാനേ..’; സഞ്ജുവിനൊപ്പം ലുങ്കിയുടുത്ത് രാജസ്ഥാൻ താരങ്ങൾ, ട്വീറ്റ് പങ്കുവെച്ച് റോയൽസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്

കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമിൽ ഒരു മാറ്റവുമായിട്ടാണ് ലഖ്‌നൗ ഇന്നിറങ്ങിയത്. ആവേശ് ഖാന് പകരം കൃഷ്ണപ്പ ഗൗതം ഇന്ന് ടീമിനായി കളത്തിലിറങ്ങി. അതേ സമയം ഡൽഹി മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്നിറങ്ങിയത്.

Story Highlights: Lucknow won by 6 runs against delhi