‘മാലിനിയുടെ തീരങ്ങൾ തഴുകിവരും..’- പാട്ടുവേദിയിലൊരു കുഞ്ഞു ശകുന്തള

May 3, 2022

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ സംഗീതപ്രേമികളുടെ ഇഷ്ടപരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. വ്യത്യസ്ത ആലാപന ശൈലികളിലൂടെ ഒട്ടേറെ കുരുന്നു ഗായകരാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്. ഒന്നാം സീസൺ ഉയർത്തിയ ആവേശം രണ്ടാം സീസണിലും ഒട്ടു കുറഞ്ഞിട്ടില്ല. മത്സരപ്പൂരം വാശിയോടെ മുറുകുമ്പോഴും, കുസൃതിയും തമാശകളുമായി വേദി സജീവമാണ്.

പാട്ടുവേദിയിലെ മിടുക്കികളിൽ ഒരാളാണ് വൈഗാലക്ഷ്മി. കുട്ടനാട്ടുനിന്നും പാട്ടിന്റെ തോണി തുഴഞ്ഞെത്തിയ ഈ സർഗ്ഗ ഗായിക ഇപ്പോഴിതാ, ഹൃദ്യമായൊരു ഗാനവുമായി എത്തിയിരിക്കുകയാണ്. ‘മാലിനിയുടെ തീരങ്ങൾ തഴുകിവരും..’ എന്ന ഗാനമാണ് വൈഗാലക്ഷ്മി ആലപിക്കുന്നത്. ശകുന്തളയുടെ വേഷവിധാനങ്ങളോടെ എത്തിയ വൈഗാലക്ഷ്മി പാട്ടിലും മികവ് പുലർത്തി.

രണ്ടാം സീസണിൽ മത്സരിക്കാനെത്തിയതിൽ അധികവും വൈറൽ ഗായകരാണ്. പലരും മുൻപ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയിരുന്നു. അതിലൊരാളാണ് വൈഗാലക്ഷ്മി. വൈഗാലക്ഷ്മിയുടെ തീരെ ചെറുപ്പത്തിലുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അച്ഛനൊപ്പം വൈഗാലക്ഷ്മി പാടുന്ന വിഡിയോയായിരുന്നു ഇത്.

‘മിനുങ്ങും മിന്നാമിനുങ്ങേ..’ എന്ന ഗാനമാണ് അച്ഛനും മകളും ചേർന്ന് പാടിയത് .മധുരമായി മകൾ പാടുമ്പോൾ അച്ഛന്റെ കണ്ണ് നിറയുകയും ശബ്ദമിടറി പാട്ടു പാതിവഴിയിൽ നിർത്തുകയുമാണ്. എന്നാൽ, അച്ഛന് പതറിയിട്ടും മകൾ നിർത്തിയില്ല. അതിമനോഹരമായി വൈഗാലക്ഷ്മി ഗാനം പൂർത്തിയാക്കി.

Read Also: ഈ കാഴ്ച നിങ്ങളോട് പറയുന്നത് ട്രാഫിക് നിയമങ്ങളോടുള്ള ഇന്ത്യൻ ഡ്രൈവർമാരുടെ അവഗണന- ചർച്ചയായി വിഡിയോ

പാട്ടിന്റെ ലോകത്തെ കുട്ടിഗായകരെ കണ്ടെത്തുന്നതിനായി ഫ്ളവേഴ്സ് ഒരുക്കുന്ന സംഗീത വിരുന്നാണ് ടോപ് സിംഗർ. സ്വര മാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഒരുപിടി കൊച്ചുഗായക പ്രതിഭകളെ ടോപ് സിംഗർ ഇതിനോടകം പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. ടോപ് സിംഗർ ഒന്നാം സീസണിലെ അതെ സ്വീകാര്യതയാണ് ടോപ് സിംഗർ രണ്ടാം സീസണിലെ കുട്ടിഗായകർക്കും ലഭിക്കുന്നത്.

Story highlights- vygalakshmi excellent perfomance