“ഒരു നടന്റെ കൂടെ അഭിനയിക്കണമെന്നത് എന്റെ ജീവിതാഭിലാഷമാണ്”; കൂടെ അഭിനയിക്കാൻ ഏറെ ആഗ്രഹമുള്ള ഇഷ്‌ട നടനെ പറ്റി അഭിരാമി

June 24, 2022

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. ഇപ്പോൾ പ്രശസ്‌ത നടി അഭിരാമി അറിവിന്റെ വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ശ്രദ്ധേയമാവുന്നത്.

തനിക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനൊപ്പം അഭിനയിക്കണമെന്നത് തന്റെ ജീവിതാഭിലാഷമാണെന്നാണ് അഭിരാമി അറിവിന്റെ വേദിയിൽ പറഞ്ഞത്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനൊപ്പം അഭിനയിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് എന്ന് പറയുകയാണ് അഭിരാമി.

മലയാളത്തിലും തമിഴിലും കുറെയേറെ മികച്ച സിനിമകളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് അഭിരാമി. ‘ഞങ്ങൾ സന്തുഷ്ടരാണ്‌’ അടക്കമുള്ള മലയാള ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച അഭിരാമി കമൽ ഹാസൻ ചിത്രമായ ‘വിരുമാണ്ടി’യിലെ നായിക കഥാപാത്രത്തിലൂടെയാണ് വലിയ പ്രശസ്‌തി നേടുന്നത്.

Read More: ‘അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു, എവിടെയോ ഇരുന്ന് അദ്ദേഹം അഭിമാനിക്കുന്നുണ്ടാവും’; നൊമ്പരമായി രൺബീർ കപൂറിന്റെ വാക്കുകൾ

നേരത്തെ കമൽ ഹാസനൊപ്പം അഭിനയിച്ചതിനെ പറ്റിയുള്ള ഓർമ്മകൾ അഭിരാമി വേദിയിൽ പങ്കുവെച്ചിരുന്നു. കമൽ സാർ എപ്പോഴും മറ്റുള്ളവരിൽ നിന്ന് പഠിക്കാൻ ശ്രമിക്കുന്ന നടനാണെന്നാണ് അഭിരാമി പറയുന്നത്. താൻ തന്റെ പേര് സ്വീകരിച്ചത് കമൽ ഹാസന്റെ പ്രശസ്‌ത ചിത്രമായ ഗുണയിലെ നായിക കഥാപാത്രത്തിൽ നിന്നാണെന്ന് അറിഞ്ഞത് അദ്ദേഹത്തിന് വലിയ കൗതുകമായിരുന്നുവെന്നും അഭിരാമി കൂട്ടിച്ചേർത്തു.

Story Highlights: Abhirami wants to act with shah rukh khan