ശബ്ദ ഗാംഭീര്യംകൊണ്ട് താരമായ അർജുൻ ദാസ് ബോളിവുഡിലേക്ക്
കൈതി എന്ന ഒറ്റ ചിത്രം മതി അർജുൻ ദാസ് എന്ന നടനെ ഓർത്തിരിക്കാൻ. തന്റെ ഗാംഭീര്യമാർന്ന ശബ്ദത്തിലൂടെ ആരാധകരുടെ പെട്ടെന്നുള്ള ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അർജുൻ ദാസ്. കാർത്തി പ്രധാന വേഷത്തിൽ അഭിനയിച്ച ‘കൈതി’ എന്ന ചിത്രത്തിലെ വേഷം നടന് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തു. ഇപ്പോഴിതാ, അർജുൻ ദാസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
2017-ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായ ‘അങ്കമാലി ഡയറീസ്’ വൻ ഹിറ്റായിരുന്നു. ഒരു കൂട്ടം യുവാക്കളെ കേന്ദ്രീകരിച്ചുള്ള ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്കിൽ അർജുൻ ദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read Also; ഗംഗാനദിയിലേക്ക് എടുത്ത് ചാടി എഴുപതുകാരി, നീന്തിക്കയറിയത് അനായാസം- അവിശ്വസനീയമായ കാഴ്ച
എന്തായാലും റീമേക്ക് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ്. നിർമ്മാതാക്കൾ മുഴുവൻ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും തീരുമാനിച്ചതിന് ശേഷം ചിത്രം പ്രഖ്യാപിക്കും. കമൽ ഹാസനെ നായകനാക്കി അടുത്തിടെ പുറത്തിറങ്ങിയ ‘വിക്രം’ എന്ന സിനിമയിൽ സൂര്യയ്ക്കൊപ്പം അർജുൻ ദാസും എത്തിയിരുന്നു. കൈതിയുടെ തുടർച്ചയെന്നോണമാണ് വിക്രം വന്നത്.
വസന്ത ബാലൻ സംവിധാനം ചെയ്യുന്ന ‘അനീതി’ എന്ന ചിത്രത്തിലാണ് അർജുൻ ദാസ് അടുത്തതായി പ്രധാന വേഷം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഇതിനുപുറമെ അർജുൻ കുറച്ച് സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളും ചെയ്യുന്നുണ്ട്. കൂടാതെ ‘കൈതി 2’ എത്തുമ്പോൾ ശക്തമായ കഥാപാത്രമായും നടൻ എത്തും.
Story highlights- Arjun Das to make his Bollywood debut