കരളിന്റെ കരളിനെ സംരക്ഷിക്കാം; കരളിന്റെ ആരോഗ്യത്തിനായി അറിയേണ്ടതെല്ലാം…

June 17, 2022

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. കൃത്യമായ പരിപാലനം അർഹിക്കുന്ന കരളിന്റെ സംരക്ഷണം ആരോഗ്യകരമായ ജീവിതത്തിന് വളരെ അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും കരളിന് ഹാനികരമായ കാര്യങ്ങളാണ് നമ്മൾ ദൈനംദിന ജീവിതത്തിൽ ചെയ്‌ത് കൊണ്ടിരിക്കുന്നത്. കൊഴുപ്പ് അധികമായുള്ള ആഹാരങ്ങളുടെ നിത്യോപയോഗവും അമിതമായ മദ്യപാനവും കരളിന് വലിയ ദോഷമാണുണ്ടാക്കുന്നത്.

എന്നാൽ കരളിന്റെ സംരക്ഷണത്തിനായി വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. വലിയ കരൾ സംബന്ധമായ രോഗങ്ങൾ ഒഴിവാക്കാനായി ഒട്ടും ബുദ്ധിമുട്ടില്ലാതെ നമുക്ക് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്.

പുകവലി പൂർണമായും ഉപേക്ഷിക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനം. നിത്യേനയുള്ള പുകവലി കരളിന് വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. കരളിന് ഹാനികരമാവുന്ന മദ്യപാനം പൂർണമായും ഉപേക്ഷിക്കുകയോ നിയന്ത്രിതമായ അളവിൽ മാത്രം കുടിക്കുകയോ ചെയ്യേണ്ടതുമുണ്ട്.

നിത്യേനയുള്ള വ്യായാമം ശരീരത്തിന് മൊത്തത്തിൽ ഉന്മേഷം നൽകുന്നതോടൊപ്പം കരളിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. ദിവസേനയുള്ള നടപ്പും ശീലമാക്കാം. കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞതും ഫൈബർ കൂടിയതുമായ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും കരളിന്റെ ആരോഗ്യ സംരക്ഷണത്തിന് പ്രധാനമാണ്.

Read More: ഉണക്കമുന്തിരി ഇനി മടുക്കുവോളം തിന്നാം; ഗുണങ്ങൾ പലത്…

അമിതമായ ശരീരഭാരം നിയന്ത്രിക്കുന്നതും വളരെ ഗുണകരമാണ്. ഇതിനായി കാലറി കൂടിയ ഭക്ഷണങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. ജങ്ക് ഫുഡിന്റെയും സംസ്‌കരിച്ച ഭക്ഷണത്തിന്റെയും ഉപയോഗം കുറയ്ക്കണം. ശരീരഭാരം 10 ശതമാനം എങ്കിലും കുറയ്ക്കാനായി 25 ശതമാനമെങ്കിലും കാലറിയുടെ കുറവ് ഭക്ഷണത്തിൽ വരേണ്ടതുണ്ട്.

മരുന്നുകളുടെ അമിതോപയോഗവും ഫിറ്റ്നസ്സിന്റെ ഭാഗമായി കുടിക്കുന്ന ഡീറ്റോക്സ് ഡ്രിങ്കുകളും കരളിന്റെ ആരോഗ്യത്തിനെ സാരമായി ബാധിക്കാറുണ്ട്. അതിനാൽ തന്നെ അവയുടെ ഉപയോഗവും കരുതലോടെയാവേണ്ടതുണ്ട്.

Story Highlights: Liver health important informations