‘ഇത് കുട്ടന്റെ പ്രിയ..’; പിറന്നാൾ ദിനത്തിൽ ആശംസയുമായി എം ജയചന്ദ്രന്റെ ഭാര്യ- വിഡിയോ
ആഘോഷങ്ങൾക്ക് വളരെയധികം പ്രാധാന്യമുള്ള വേദിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ജന്മദിനങ്ങളും വിജയങ്ങളുമെല്ലാം ഈ വേദിയിൽ ആഘോഷിക്കപ്പെടാറുണ്ട്. അടുത്തിടെ വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും ബിന്നി കൃഷ്ണകുമാറിന്റെയും പിറന്നാൾ പാട്ടുവേദിയിൽ ഗംഭീരമായി ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ, സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ.
അദ്ദേഹം ഈണം പകർന്ന ഗാനങ്ങളുമായി കുരുന്നുപാട്ടുകാർ പിറന്നാൾ ആശംസിച്ചപ്പോൾ ഏറ്റവും ശ്രദ്ധേയമായത് എം ജൗയചന്ദ്രന്റെ പ്രിയതമയുടെ ആശംസയാണ്. വേദിയിലേക്ക് എത്തിയില്ലെങ്കിലും വിഡിയോ കോളിലൂടെ ആശംസയുമായി ഭാര്യ പ്രിയ എത്തി. ‘ കുട്ടന്റെ പ്രിയ’ എന്നുപറഞ്ഞുകൊണ്ട് എം ജി ശ്രീകുമാറാണ് സ്വാഗതമേകിയത്. വേദിയിലേക്ക് എത്താൻ സാധിക്കാത്തതിന്റെ ദുഃഖം പങ്കുവെച്ച പ്രിയ ഹൃദ്യമായ പിറന്നാൾ ആശംസകൾ നേർന്നു.
അതേസമയം,ഒട്ടേറെ സുന്ദര ഗാനങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. സിനിമയിലെന്ന പോലെ ടെലിവിഷൻ രംഗത്തും സമൂഹമാധ്യമങ്ങളിലുമെല്ലാം ജയചന്ദ്രൻ സജീവമാണ്. സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെവേഗം തന്നെ ശ്രദ്ധേയമാകാറുണ്ട്. നൂറ്റിനാല്പതിലേറെ സിനിമകളിലായി ആയിരത്തോളം പാട്ടുകൾ ഒരുക്കിയ സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. അറുപതോളം സിനിമകൾക്ക് പശ്ചാത്തല സംഗീതവും എം ജയചന്ദ്രൻ ഒരുക്കിയിട്ടുണ്ട്.
Read Also: ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കവേ അരികിലെത്തിയ തെരുവിലെ ബാലനെ ഓമനിക്കുന്ന യുവതി- ഹൃദയംതൊടും കാഴ്ച
അതേസമയം, ഇത്തവണ പാട്ടുവേദിയിൽ എം ജി ശ്രീകുമാറിനായും വിപുലമായ പിറന്നാൾ ആഘോഷമാണ് ഒരുക്കിയത്. കുഞ്ഞു പാട്ടുകാരെല്ലാവരും ചേർന്ന് പിറന്നാൾ പാട്ട് പാടി എം ജി ശ്രീകുമാറിന് സർപ്രൈസ് നൽകിയപ്പോൾ അതിലും രസകരമായ ഒരു നിമിഷം വേദിയിൽ പിറന്നു. പാട്ടുകാർക്കിടയിലേക്ക് എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖ എത്തിയതോടെ വേദിയിൽ ആഘോഷങ്ങൾക്ക് മാറ്റുകൂടി.
Story highlights- m jayachandran’s birthday celebration