ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പറെ നിർദേശിച്ച് റിക്കി പോണ്ടിങ്

July 21, 2022

ഒക്ടോബർ 16 നാണ് ടി 20 ലോകകപ്പ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയിൽ ആണ് ഇത്തവണത്തെ ലോകകപ്പ് അരങ്ങേറുന്നത്. ലോകകപ്പ് ടീമിൽ ഇടം നേടാൻ കടുത്ത പോരാട്ടമാണ് താരങ്ങൾ തമ്മിൽ നടക്കുന്നത്. പ്രതിഭാധനരായ നിരവധി താരങ്ങളാണ് ഇന്ത്യൻ ടീമിലിടം കണ്ടെത്താൻ മത്സരിക്കുന്നത്. ലോകകപ്പ് സ്‌ക്വാഡിലും അന്തിമ ഇലവനിലും സ്ഥാനം കണ്ടെത്താൻ സീനിയർ താരങ്ങളും യുവതാരങ്ങളും ഒരേ പോലെ വലിയ പരിശ്രമത്തിലാണ്.

ഇപ്പോൾ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാരാവേണ്ടത് ആരൊക്കെയാണ് എന്ന് നിർദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുൻ നായകൻ റിക്കി പോണ്ടിങ്. സഞ്ജു സാംസൺ, ഇഷാൻ കിഷൻ അടക്കമുള്ള യുവതാരങ്ങളൊക്കെ വിക്കറ്റ് കീപ്പർ ബാറ്റർമാരാവാൻ യോഗ്യരാണ്. എങ്കിലും ഇപ്പോഴത്തെ ഫോം വച്ചിട്ട് ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ് വിക്കറ്റ് കീപ്പർ ബാറ്റർമാരായി ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലുണ്ടാവേണ്ടതെന്ന് പറയുകയാണ് റിക്കി പോണ്ടിങ്.

ഐപിഎല്ലിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച ദിനേശ് കാർത്തിക്ക് ഉറപ്പായും ലോകകപ്പ് ടീമിലുണ്ടാവുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. വിക്കറ്റ് കീപ്പർ ആയില്ലെങ്കിൽ പോലും ടീമിന് വിശ്വാസം അർപ്പിക്കാൻ കഴിയുന്ന ബാറ്റർ എന്ന നിലയിൽ കാർത്തിക്ക് അന്തിമ ഇലവനിൽ സ്ഥാനം കണ്ടെത്തുമെന്ന് തന്നെയാണ് ക്രിക്കറ്റ് നിരീക്ഷകർ കരുതുന്നത്.

Read More: വിക്കറ്റിന് പിന്നിൽ തന്ത്രം മെനഞ്ഞ് പന്ത്; ഇത് ധോണി സ്റ്റൈലെന്ന് ആരാധകർ- വൈറൽ വിഡിയോ

അതേ സമയം ബാറ്റിങ്ങിലും വിക്കറ്റിന് പുറകിലും ഒരേ പോലെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഋഷഭ് പന്ത് തന്നെയായിരിക്കും ടി 20 ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ എന്ന് കരുതുന്നവരാണ് കൂടുതലും. ഇംഗ്ലണ്ടിനെതിരെയുള്ള കഴിഞ്ഞ പരമ്പരയിലും മികച്ച ബാറ്റിങ്ങാണ് പന്ത് കാഴ്ച്ചവെച്ചത്. നിർണായകമായ അവസാന മത്സരത്തിൽ 113 പന്തിൽ 125 റൺസെടുത്ത ഋഷഭ് പന്ത് തന്നെയായിരുന്നു പ്ലെയർ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. പന്തിന്റെ ഏകദിനത്തിലെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്.

Story Highlights: Ricky ponting selects indian wicket keeper for t20 world cup