സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് മാറ്റിവെച്ചു; തീരുമാനം അതിതീവ്ര മഴയെ തുടർന്ന്

August 2, 2022

നാളെ തിരുവനന്തപുരത്ത് നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് മാറ്റിവെച്ചു. അതിതീവ്ര മഴയെ തുടർന്നാണ് തീരുമാനം. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ചടങ്ങ് മാറ്റിവെയ്ക്കാനുള്ള തീരുമാനമുണ്ടായത്.

നാളെ വൈകിട്ട് 3 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് അവാർഡ് ദാന ചടങ്ങ് നടക്കാനിരുന്നത്. സാംസ്ക്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവനാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള ഒരു കുറിപ്പ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ് 27 നാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ക്രിഷാന്ത് ആര്‍ കെ സംവിധാനം ചെയ്‌ത ‘ആവാസ വ്യൂഹം’ എന്ന ചിത്രമാണ്. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലടക്കം മികച്ച അഭിപ്രായം നേടിയ ചിത്രം കൂടിയാണ് ‘ആവാസ വ്യൂഹം.’

മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചത് രണ്ട് നടന്മാർക്കാണ്. ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ബിജു മേനോൻ അവാർഡിന് അർഹനായപ്പോൾ രണ്ട് സിനിമകളിൽ കാഴ്‌ചവെച്ച അസാമാന്യ പ്രകടനത്തിനാണ് നടൻ ജോജു ജോർജ് അവാർഡ് നേടിയത്. നായാട്ട്, മധുരം എന്നീ ചിത്രങ്ങളിൽ കാഴ്‌ചവെച്ച മികച്ച പ്രകടനത്തിലൂടെയാണ് ജോജു മികച്ച നടനായത്.

രേവതിയാണ് മികച്ച നടിക്കുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയത്. ‘ഭൂതകാലം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതി പുരസ്‌ക്കാരത്തിന് അർഹയായത്. മികച്ച നടിക്കുള്ള പുരസ്കാരത്തിൽ അവസാന ഘട്ടം വരെ മത്സരിച്ചിരുന്നത് രേവതിയും നിമിഷ സജയനുമാണ്. അവസാന നിമിഷം നിമിഷയെ പിന്തള്ളിയാണ് രേവതി മികച്ച നടിക്കുള്ള അവാർഡ് നേടിയത്.

Read More: “ഇത് തിലകൻ ചേട്ടൻ തന്നെ..”; രൂപം കൊണ്ടും പ്രകടനം കൊണ്ടും തിലകനെ അനുസ്‌മരിപ്പിച്ച് ഷമ്മി തിലകൻ

അതേ സമയം ജോജി എന്ന ചിത്രത്തിലൂടെ ദിലീഷ് പോത്തൻ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിന്റെ രചനയ്ക്ക് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ശ്യാം പുഷ്ക്കരൻ നേടി. വിനീത് ശ്രീനിവാസനറെ ഹൃദയമായിരുന്നു മികച്ച ജനപ്രിയ ചിത്രം.

Story Highlights: Kerala state film awards postponed