ഇന്ന് ഐഎസ്എൽ എൽ ക്ലാസിക്കോ; കേരള ബ്ലാസ്റ്റേഴ്സ്-എടികെ മോഹൻ ബഗാൻ മത്സരം അൽപസമയത്തിനകം
ഐഎസ്എല്ലിലെ എൽ ക്ലാസിക്കോ എന്നാണ് കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലുള്ള മത്സരം അറിയപ്പെടുന്നത്. ലീഗിലെ ഏറ്റവും ശക്തരും വലിയ ആരാധക വൃന്ദവുമുള്ള ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോഴൊക്കെ ആവേശം വാനോളമാണ്. മത്സരത്തിന്റെ ടിക്കറ്റുകളൊക്കെ നേരത്തെ തന്നെ വിറ്റു പോയിരുന്നു. അത് കൊണ്ട് തന്നെ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ഇന്ന് മഞ്ഞക്കടലാവുമെന്ന് ഉറപ്പാണ്.
രണ്ട് തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീട മോഹങ്ങൾ തല്ലി തകർത്തവരാണ് എടികെ. അതിനാൽ തന്നെ കൊച്ചിയിലെ മത്സരത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു മഞ്ഞപ്പടയുടെ ആരാധകർ. 2014 ലെ ആദ്യ സീസണിലും 2016 ലെ മൂന്നാം സീസണിലുമാണ് എടികെ ബ്ലാസ്റ്റേഴ്സിന്റെ കിരീട മോഹങ്ങൾ ഇല്ലാതാക്കിയത്. ഇത്തവണ ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരം ജയിച്ചു തുടങ്ങിയപ്പോൾ തോൽവിയോടെയാണ് എടികെ തുടങ്ങിയത്.
എടികെ മോഹൻ ബഗാനുമായുള്ള മത്സരത്തെ പറ്റി നേരത്തെ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് 24 ന്യൂസിന് നൽകിയ എക്സ്ക്ലൂസിവ് ഇൻറർവ്യൂവിൽ വാചാലനായിരുന്നു. എടികെ ശക്തരാണെന്നും എന്നാൽ അവർക്കെതിരെ ബ്ലാസ്റ്റേഴ്സിന് കൃത്യമായ പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരാധകർ ടീമിന്റെ ആവേശമാണെന്ന് പറയുന്ന ഇവാൻ അവർക്ക് വേണ്ടി കൂടിയാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങുന്നതെന്നും കൂട്ടിച്ചേർത്തു. ഫുട്ബോളിൽ മാജിക്കുകളില്ലെന്നും കഠിനാധ്വാനമാണ് വിജയങ്ങൾ കൊണ്ട് തരുന്നതെന്നും അദ്ദേഹം 24 ന്യൂസിനോട് പറഞ്ഞു.
അതേ സമയം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ 3-1 നാണ് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞത്. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. പിന്നീട് ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയം പൂർത്തിയാക്കുകയായിരുന്നു. അലക്സിലൂടെയാണ് ഈസ്റ്റ് ബംഗാൾ ആശ്വാസ ഗോൾ കണ്ടെത്തിയത്.
Story Highlights: Blasters vs atk match at kochi