“കൊമ്പിൽ കിലുക്കും കെട്ടി..”; വിധികർത്താക്കളെ വിസ്‌മയിപ്പിച്ച പ്രകടനവുമായി വേദിയിൽ അഭിമന്യു

November 2, 2022

മലയാളികളുടെ പ്രിയ പാട്ടുവേദി മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്.

ഇപ്പോൾ തിരുവനന്തപുരത്തുകാരൻ അഭിമന്യുവാണ് വിധികർത്താക്കളെ വിസ്‌മയിപ്പിക്കുന്ന പ്രകടനം വേദിയിൽ പുറത്തെടുത്തത്. ‘കരിമ്പന’ എന്ന ചിത്രത്തിലെ “കൊമ്പിൽ കിലുക്കും കെട്ടി..” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചാണ് കൊച്ചു ഗായകൻ വേദിയുടെ മനസ്സ് കവർന്നത്. എ.ടി ഉമ്മർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. ഗാനഗന്ധർവ്വൻ യേശുദാസ് ചിത്രത്തിൽ ആലപിച്ച ഈ ഗാനം അതിമനോഹരമായാണ് അഭിമന്യു വേദിയിൽ ആലപിക്കുന്നത്.

കഴിഞ്ഞ ദിവസം അഭിമന്യുവും വിധികർത്താവായ എം.ജി ശ്രീകുമാറും തമ്മിൽ നടന്ന ഒരു സംഭാഷണം വേദിയെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. വിധികർത്താക്കളുടെ പല ചോദ്യങ്ങൾക്കും ഒന്നാന്തരം തിരുവനന്തപുരം മലയാളത്തിലാണ് അഭിമന്യു മറുപടി നൽകിയത്. ബോഞ്ചി എന്താണെന്ന് ഗായിക അനുരാധ ചോദിക്കുമ്പോൾ അഭിമന്യുവിനോട് അതുണ്ടാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ പറയുകയായിരുന്നു എം.ജി ശ്രീകുമാർ. തുടർന്ന് വളരെ രസകരമായ രീതിയിൽ കൊച്ചു ഗായകൻ അത് വിശദീകരിക്കുകയായിരുന്നു.

Read More: വൈറൽ ഗായകൻ ഗിരിനന്ദൻ പാട്ടുവേദിയിൽ; കമൽ ഹാസന്റെ “പത്തലെ..” ഗാനത്തിനൊപ്പം ആടിപ്പാടി വിധികർത്താക്കളും

അതേ സമയം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്.

Story Highlights: Abhimanyu impresses judges with his singing