രാജേഷിന് കിട്ടിയ ചവിട്ടുകൾ പിറന്നത് ഇങ്ങനെ- ‘ജയ ജയ ജയ ജയ ഹേ’ മേക്കിംഗ് വിഡിയോ

November 25, 2022

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച സിനിമയാണ് ‘ജയ ജയ ജയ ജയ ഹേ’. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിലെ ദമ്പതികളായ ജയയും രാജേഷും തമ്മിലുള്ള ആദ്യത്തെ പോരാട്ട സീക്വൻസ് തിയേറ്ററുകളിൽ ഉയർത്തിയ കയ്യടി ചെറുതല്ല. ഇപ്പോഴിതാ ചിത്രത്തിലെ ‘പഞ്ച് ട്രിപ്പിൾ പഞ്ച്’ എന്ന മേക്കിംഗ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിലെ ‘പഞ്ച് ട്രിപ്പിൾ പഞ്ച്’ എന്ന ഗാനത്തിന്റെ മേക്കിംഗ് വിഡിയോ ആണ് പുറത്തുവിട്ടത്. സിനിമയ്ക്കായി അഭിനേതാക്കളും അണിയറപ്രവർത്തകരും എത്രമാത്രം പരിശ്രമിച്ചുവെന്ന് മേക്കിംഗ് വിഡിയോ കാണിക്കുന്നു. ഷൈജു ദാമോദരന്റെ രസകരമായ കമന്ററിക്കൊപ്പം ആക്ഷനും പ്രേക്ഷകർക്കിടയിൽ ഒരു ചിരി നിറയ്ക്കുകയാണ്.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

‘പഞ്ച് ട്രിപ്പിൾ പഞ്ച്’ എന്ന ഗാനത്തിന്റെ റാപ്പ് പോർഷനുകൾ എഴുതിയതും അവതരിപ്പിച്ചതും ശബരീഷ് വർമ്മയും സംഗീതം ഒരുക്കിയതും ചിട്ടപ്പെടുത്തിയതും അങ്കിത് മേനോനും ആണ്. ആർ ബാബു മ്യൂസിക് കോർഡിനേറ്റർ ആയിരുന്നു. വിപിൻ ദാസ് സംവിധാനം ചെയ്ത കോമഡി എന്റർടെയ്‌നറിൽ അഭിനേതാക്കളായ ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ, അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പറവൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Story highlights- Jaya Jaya Jaya Jaya Hey making video