റൊണാൾഡോ സൗദി ക്ലബ്ബിലേക്ക്; കരാർ 2030 വരെയെന്ന് റിപ്പോർട്ട്

December 23, 2022

ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമമായി. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് തന്നെയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസ്റുമായി താരം 2030 വരെ കരാറിലേർപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്. ആദ്യത്തെ രണ്ട് വർഷം ക്രിസ്റ്റ്യാനോ ക്ലബ്ബിൽ കളിക്കുമെന്നും അതിന് ശേഷം സൗദിയുടെ ഫുട്‌ബോൾ അംബാസഡറായി പ്രവർത്തിക്കുമെന്നുമാണ് സൂചന. 2030 ൽ ലോകകപ്പിന് വേദിയാവാൻ സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ വരവ് ഈ ശ്രമങ്ങൾക്ക് വലിയ ഊർജ്ജം പകരുമെന്നാണ് സൗദി കരുതുന്നത്.

അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അന്താരാഷ്ട്ര ഫുട്‌ബോൾ കരിയറിന് ഏകദേശം അന്ത്യമായി എന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന് ശേഷം ആരാധകർക്കും ഫുട്‌ബോൾ പ്രേമികൾക്കും നൊമ്പരമായി ഒരു നീണ്ട കുറിപ്പ് ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Read More: “താങ്കളാണ് ലോകത്തെ ഏറ്റവും മികച്ചയാൾ..”; റൊണാൾഡോയെ പുകഴ്ത്തി വിരാട് കോലി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കുറിപ്പ്

പോര്‍ച്ചുഗലിനായി ലോകകപ്പ് നേടുക എന്നതായിരുന്നു എന്റെ കരിയറിലെ ഏറ്റവും വലിയ, ഏറ്റവും ശക്തമായ സ്വപ്നം. പോര്‍ച്ചുഗലിന് വേണ്ടി അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. രാജ്യത്തിന്റെ പേര് ലോകത്തിന്റെ ഏറ്റവും മുകളില്‍ എത്തിക്കുക എന്നത് തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്‌നം. ഇതിനായി ഞാന്‍ പോരാടി. വളരെ കഷ്ടപ്പെട്ട് പോരാടി. 16 വര്‍ഷക്കാലം ഞാന്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തു. മികച്ച കളിക്കാര്‍ക്കൊപ്പം ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണയോടെ ഞാന്‍ കളിക്കളത്തില്‍ എന്റെ എല്ലാം നല്‍കി. എന്റെ ഏറ്റവും വലിയ സ്വപ്‌നത്തിന് നേര്‍ക്ക് ഞാന്‍ മുഖം തിരിച്ചില്ല. ആ സ്വപ്‌നം ഒരിക്കലും ഉപേക്ഷിച്ചില്ല. നിര്‍ഭാഗ്യവശാല്‍ ഇന്നലെ ആ സ്വപ്‌നം അവസാനിച്ചു. ധാരാളം പറഞ്ഞിട്ടുണ്ട്. ധാരാളം എഴുതിയിട്ടുണ്ട്. ഒരുപാട് ഊഹിക്കപ്പെടുന്നുമുണ്ട്. പോര്‍ച്ചുഗലിനോടുള്ള എന്റെ അര്‍പ്പണബോധം കടുകിട പോലും മാറിയിട്ടില്ലെന്ന് എല്ലാവരും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരുടേയും ലക്ഷ്യത്തിനായി പോരാടിയ ഒരാളായിരുന്നു ഞാന്‍. എന്റെ കൂടെയുള്ളവരോടും എന്റെ രാജ്യത്തോടും ഒരിക്കലും ഞാന്‍ പുറംതിരിഞ്ഞ് നില്‍ക്കില്ല. കൂടുതലായൊന്നും പറയാനില്ല. നന്ദി പോര്‍ച്ചുഗല്‍. നന്ദി ഖത്തര്‍. ആ സ്വപ്‌നം നീണ്ടുനിന്ന അത്ര നേരം മനോഹരമായിരുന്നു. ഇപ്പോള്‍, ഒരു നല്ല ഉപദേശകനാകാനും ഓരോരുത്തര്‍ക്കും അവരവരുടെ നിഗമനങ്ങളില്‍ എത്തിച്ചേരാനും സമയമായി.

Story Highlights: Ronaldo contract with saudi club