ചൂടുകാലത്തെ ക്ഷീണമകറ്റാന്‍ ശീലമാക്കാം തണ്ണിമത്തന്
പുറത്തിറങ്ങിയാല്‍ എങ്ങും കനത്ത ചൂടാണ്. ചൂടുകാലത്ത് പലരും വേഗത്തില്‍ ക്ഷീണിതരാകാറുണ്ട്. കൊടുചൂടില്‍ ശരീരത്തിലുണ്ടാകുന്ന ക്ഷീണമകറ്റാന്‍ ഉത്തമമാണ് തണ്ണിമത്തന്. കുമ്മട്ടിക്ക, ബത്തക്ക തുടങ്ങിയ പേരുകളിലും തണ്ണിമത്തന് അറിയപ്പെടാറുണ്ട്. സ്വാദിഷ്ടമായ തണ്ണിമത്തന് ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും ഏറെ മുന്നിലാണ്. തണ്ണിമത്തന്റെ ചില ആരോഗ്യഗുണങ്ങളെ പരിചയപ്പെടാം.
തണ്ണിമത്തനില്‍ 90 ശതമാനവും വെള്ളമാണ്. അതുകൊണ്ട്തന്നെ ചൂടുകാലത്തുണ്ടാകുന്ന ശരീരത്തിന്റെ നിര്‍ജലീകരണ അവസ്ഥയെ മറികടക്കാന്‍ തണ്ണിമത്തന് കഴിക്കുന്നത് നല്ലതാണ്. വിശപ്പും ദാഹവും ഒരുപോലെ അകറ്റാന്‍ തണ്ണിമത്തന് സാധിക്കും എന്നതും തണ്ണിമത്തനെ ആളുകള്‍ക്ക് പ്രീയപ്പെട്ടവനാക്കുന്നു.
തണ്ണിമത്തനില്‍ ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍തന്നെ സൂരാതാപംമേറ്റ് ക്ഷീണിക്കുന്നതിനെ ചെറുക്കാനും തണ്ണിമത്തന് ഉത്തമമാണ്. നാരുകളാല്‍ സമ്പുഷ്ടമായ തണ്ണിമത്തന് ദഹനത്തെ സുഗാമമാക്കാനും സഹായിക്കുന്നു. ഇതിനുപുറമെ ഹൃദയാരോഗ്യത്തിനും തണ്ണിമത്തന് കഴിക്കുന്നത് നല്ലതാണ്.
Story highlights- watermelon for summer