90,000 രൂപയുടെ ക്യാമറ ലെൻസ് ഓർഡർ ചെയ്തു; ആമസോണിൽ നിന്ന് ലഭിച്ചത് വിത്തുകൾ

July 16, 2023

ഓൺലൈനിൽ ഷോപ്പിംഗ് നടത്തുന്നവരാണ് മിക്കവരും. അതിൽ തട്ടിപ്പിന്റെയും സാധനങ്ങൾ മാറി ലഭിച്ചതിന്റെയും വാർത്തകൾ നമ്മൾ വായിച്ചറിയാറുണ്ട്. ചിലപ്പോഴൊക്കെ, ആളുകൾക്ക് അവർ ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരം വിചിത്രമായ സാധനങ്ങൾ ലഭിക്കാറുണ്ട്. സമാനമായ ഒരു സംഭവമാണ് ഇപ്പോൾ വർത്തയാകുന്നത്. ആമസോണിൽ നിന്ന് 90,000 രൂപ വിലമതിക്കുന്ന ക്യാമറ ലെൻസ് ഓർഡർ ചെയ്ത ആൾക്ക് ഡെലിവറി പാക്കേജിനുള്ളിൽ നിന്ന് ലഭിച്ചത് ക്വിനോവ വിത്തുകൾ.

അരുൺ കുമാർ മെഹർ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അരുൺ ജൂലൈ 5-ന് ആമസോണിൽ നിന്ന് സിഗ്മ 24-70 എഫ് 2.8 ലെൻസ് ഓർഡർ ചെയ്തു. അടുത്ത ദിവസം പാക്കേജ് ലഭിച്ചപ്പോൾ, ക്യാമറ ലെൻസിന് പകരം അതിനകത്ത് കണ്ടത് വിത്തുകൾ ആയിരുന്നു. പെട്ടി നേരത്തെ തന്നെ തുറന്നിരുന്നു എന്നും അരുൺ ട്വീറ്റിൽ പറയുന്നു.

“ആമസോണിൽ നിന്ന് 90K INR ക്യാമറ ലെൻസ് ഓർഡർ ചെയ്തു, അവർ ലെൻസിന് പകരം ഒരു പാക്കറ്റ് ക്വിനോവ വിത്തുകൾ ഉള്ള ലെൻസ് ബോക്സ് ആണ് അയച്ചു തന്നത്. @amazonIN, Appario റീട്ടെയ്ൽ എന്നിവയുടെ വൻ അഴിമതി. എത്രയും പെട്ടെന്ന് പരിഹരിക്കൂ.” ലെൻസ് ബോക്സിനുള്ളിൽ പൊതിഞ്ഞ വിത്തിന്റെ ചിത്രങ്ങളോടൊപ്പം ഇങ്ങനെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തു.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

ആമസോൺ ഇതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്നത് തീർത്തും അസ്വീകാര്യമാണ്. ഇത് എത്രയും വേഗം പരിഹരിച്ച് ഞാൻ ഓർഡർ ചെയ്ത ലെൻസ് എനിക്ക് അയച്ചു തരിക അല്ലെങ്കിൽ എന്റെ പണം തിരികെ നൽകുക,” അരുൺ എഴുതി.

”ഇങ്ങനെ സംഭവിച്ചതിൽ നിങ്ങൾ അസ്വസ്ഥനാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. ഇതിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. DM വഴി ഞങ്ങളെ ബന്ധപ്പെടുക. സഹായിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. കൂടാതെ, നിങ്ങളുടെ ഓർഡർ/അക്കൗണ്ട് വിശദാംശങ്ങൾ ഡിഎമ്മിലൂടെ നൽകരുത്, കാരണം അത് വ്യക്തിഗത വിവരങ്ങളാണ്” എന്നും ആമസോൺ ഇതിനോട് പ്രതികരിച്ചു.

അടുത്തിടെ, ആമസോണിൽ ഓർഡർ ചെയ്ത ആപ്പിൾ വാച്ചിന് പകരം വ്യാജ റിസ്റ്റ് വാച്ച് ലഭിച്ചതായി മറ്റൊരു ഉപഭോക്താവ് പരാതിപ്പെട്ടിരുന്നു.

Story highlights – Man Orders ₹ 90,000 Camera Lens But Receives Quinoa Seeds