ചൈനയിലെ അജ്ഞാത ന്യുമോണിയ; പുതിയ രോഗബാധയെപ്പറ്റി അറിയാം..

November 30, 2023
All Know about Pneumonia outbreaks in China

ലോകത്തെ ആശങ്കയിലാക്കി ചൈനയില്‍ അഞ്ജാത ന്യുമോണിയ പടര്‍ന്നുപിടിക്കുകയാണ്. ആശങ്കയക്ക് കാരണം മറ്റൊന്നുമല്ല. ആഗോള ജനജീവിതം സതംഭിപ്പിച്ച കൊവിഡ് മഹാമാരിയുടെ ഉത്ഭവവും ചൈനയില്‍ നിന്നായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ കൊവിഡിന്റെ വിനാശകരമായ ആഘാതത്തില്‍ നിന്ന് ഇപ്പോഴും കരകയറുന്ന ചൈനയിലെ പുതിയ രോഗവ്യാപനം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിട്ടുള്ളത്. ഇതോടെ ശക്തമായ ജാഗ്രതയാണ് ലോകരാജ്യങ്ങള്‍ കൈകൊള്ളുന്നത്. ( All Know about Pneumonia outbreaks in China )

എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എച്ച്9എന്‍2 വൈറസിന്റെ പുതിയ വകഭേദമാണ് രോഗമുണ്ടാക്കുന്നതെന്നും ചൈന വിശദീകരിക്കുന്നു. സാധാരണ ന്യൂമോണയയില്‍ നിന്നും വ്യത്യസ്തമായി തീവ്രമായ രോഗലക്ഷണങ്ങളാണ് പുതിയ വകഭേദത്തിനുള്ളത്. എച്ച്9എന്‍2 വൈറസിനെക്കുറിച്ച് വിശദമായി അറിയാം..

കൊവിഡാനന്തര ലോകത്താണല്ലോ നാം ഇപ്പോള്‍ ജീവിക്കുന്നത്. കൊവിഡ് ബാധിച്ചവരില്‍ പനിയും ചുമയും തൊണ്ടവേദനും പതിവാണ്. കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ പുതിയ വൈറസിന്റെ വ്യാപനമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കടുത്ത ന്യുമോണിയയ്ക്ക് കാരണമാകുന്ന എച്ച്9എന്‍2 വൈറസാണ് രോഗബാധയ്ക്ക് കാരണം. ഈ വൈറസ് സാധരാണയായി കണ്ടുവരുന്നതാണ്. പക്ഷിപ്പനിയ്ക്ക് (ഏവിയന്‍സ ഇന്‍ഫ്‌ളുവന്‍സ) കാരണമാകുന്ന ടൈപ്പ് എ വൈറസാണിത്.

എ, ബി, സി, ഡി എന്നിങ്ങനെ നാല് തരത്തിലുള്ള ഇന്‍ഫ്‌ളുവന്‍സ വൈറസുകളാണുള്ളത്. ഇതില്‍ എയും ബിയുമാണ് മനുഷ്യരില്‍ കാണപ്പെടുന്നത്. വൈറസിന്റെ ഉപരിതലത്തില്‍ കാണപ്പെടുന്ന രണ്ട് പ്രോട്ടീനുകളായ ഹീമാഗ്ലൂട്ടാണിന്‍ (H) ന്യുറാമിനിഡോസ് (N) എന്നിവയുടെ വ്യത്യസ്തമായ വകഭേദത്തിലാണ് ഇവ അറിയപ്പെടുന്നത്. സാധാരണയായി കണ്ടുവരുന്ന എച്ച്5എന്‍1, എച്ച്7എന്‍9, എച്ച്7എന്‍7, എച്ച്9എന്‍2 എന്നി ഇന്‍ഫ്‌ളുവന്‍സ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണ്.

2019,2020 വര്‍ഷങ്ങളില്‍ എച്ച്9എന്‍2 വൈറസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഈ വൈറസിന്റെ പുതിയ വകഭേദമാണെന്നാണ് വാര്‍ത്തകള്‍. തുടര്‍ച്ചയായി പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നവയാണ് വൈറസ്. പുതുതായി രൂപപ്പെട്ട വൈറസ് മനുഷ്യരില്‍ കടുത്ത ന്യുമോണിയയ്ക്ക് കാരണമാകുന്നുവെന്നാണ് പഠനം. കുട്ടികളെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നത്. മരണനിരക്ക് കുറവാണെന്നതും ആശ്വാസം നല്‍കുന്ന ഒന്നാണ്.

Read Also : ചൈനയിലെ H9N2 വ്യാപനം; ഇന്ത്യയിലെ 5 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

എച്ച്9എന്‍2 വൈറസ് ഉണ്ടാക്കുന്ന ന്യുമോണിയയുടെ ലക്ഷണങ്ങള്‍ ഇവയാണ്. ഉയര്‍ന്ന പനിയാണ് പ്രധാന ലക്ഷണം. ശ്വാസകോശ അണുബാധ, സാധാരണയായി കാണപ്പെടുന്നത് പോലെ പുതിയ എച്ച്9എന്‍2 വകഭേദത്തില്‍ ചുമയുണ്ടാകില്ല.

വ്യാപകമായി പടര്‍ന്നുപിടിച്ച രോഗത്തെക്കുറിച്ച് ചൈന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ലോകാരോഗ്യ സംഘടന ചൈനയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത തുടരേണ്ടത് ആവശ്യമാണ്.

Story Highlights: All Know about pneumonia outbreaks in China