‘അവരുടെ തീരുമാനം ശരിക്കും ഞെട്ടിച്ചു’; ഫൈനലിലെ ഓസീസ് തന്ത്രങ്ങളെക്കുറിച്ച് അശ്വിന്‍

November 25, 2023
Ashwin about Australia's strategic master class in world cup final

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഓസീസ് തന്ത്രങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത തീരുമാനത്തെക്കുറിച്ച് ഓസ്‌ട്രേലിയയുടെ് ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്ലിയുമായി മത്സരത്തിനിടെ സംസാരിച്ചിരുന്നു. പിച്ചിനെക്കുറിച്ചുള്ള ബെയ്ലിയുടെ വിശദീകരണം ഞെട്ടിച്ചെന്നും ആസ്ട്രേലിയ തന്നെ ശരിക്കും പറ്റിച്ചെന്നും അശ്വിന്‍ വ്യക്തമാക്കി. ( Ashwin about Australia’s strategic master class in world cup final )

അക്ഷരാര്‍ത്ഥത്തില്‍ ഓസ്ട്രേലിയന്‍ ടീം എന്നെ പറ്റിച്ചുകളഞ്ഞു. ഇന്നിങ്സിനിടയില്‍ പിച്ചില്‍ വിള്ളലുണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ഞാന്‍. അതിനിടെ ജോര്‍ജ് ബെയ്ലിയുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. എന്തുകൊണ്ടാണ് വലിയ മത്സരങ്ങളില്‍ ടോസ് ലഭിച്ചാല്‍ ബാറ്റിങ് തെരഞ്ഞെടുക്കുന്ന പതിവ് ഈ മത്സരത്തില്‍ മാറ്റിയത് എന്നായിരുന്നു തന്റെ ചോദ്യം.

ഐ.പി.എല്ലും ദ്വിരാഷ്ട്ര പരമ്പരകളും ഉള്‍പ്പെടെ ഒരുപാട് മത്സരങ്ങള്‍ അഹമ്മദാബാദില്‍ കളിച്ചതിന്റെ പരിചയമുണ്ട്. ഇവിടെ ചുവന്ന മണ്ണാണ് വിണ്ടുകീറുകയെന്നും കറുത്ത മണ്ണ് രാത്രിയില്‍ കൂടുതല്‍ മെച്ചപ്പെടുകയാണു ചെയ്യുകയെന്നുമായിരുന്നു ബെയ്‌ലിയുടെ മറുപടി. പിച്ച് കൂടുതല്‍ ഉറപ്പുള്ളതായിത്തീരും. എ്‌ന്നെ അമ്പരപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.-സ്വന്തം യൂട്യൂബ് ചാനലില്‍ അശ്വിന്‍ വെളിപ്പെടുത്തി.

ടോസ് ലഭിച്ചിട്ടും ആദ്യം പന്തെറിയാനുള്ള ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനം തന്നെ ശരിക്കും കബളിപ്പിച്ചെന്നും അശ്വിന്‍ പറഞ്ഞു. ഇത്തരം വലിയ മത്സരങ്ങളില്‍ അവര്‍ എപ്പോഴും ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുന്നതാണ് പതിവ്. ഇങ്ങനെയൊരു അപ്രതീക്ഷിത മാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ‘ഉമ്മാ.. നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവൾ’ ; വൈകാരിക കുറിപ്പുമായി മുഹമ്മദ് ഷമി

ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയെ രോഹിതിന്റെ ബാറ്റിങ് കരുത്തില്‍ പവര്‍പ്ലേയില്‍ മികച്ച തുടക്കം ലഭിച്ചിട്ടും 240 റണ്‍സില്‍ ഒതുക്കുകയായിരുന്നു ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ പേസര്‍മാരെല്ലാം നിറഞ്ഞാടിയപ്പോള്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര താളം കണ്ടെത്താനാകാതെ ബുദ്ധിമുട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ, സെഞ്ച്വറിയുമായി തിളങ്ങിയ ട്രാവിസ് ഹെഡും മറുവശത്ത് മികച്ച പിന്തുണ നല്‍കിയ ലാബുഷെയ്‌നും ചേര്‍ന്ന് അനായാസം വിജയതീരമണച്ചു.

Story Highlights: Ashwin about Australia’s strategic master class in world cup final