പോകാൻ ഇടങ്ങളേറെ; കൂട്ടായി സൈക്കിളും!

November 2, 2023

തൊട്ടടുത്ത ബസ്റ്റോപ്പിലേക്ക് പോകാൻ വരെ വണ്ടി പിടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ലോകം മുഴുവൻ സൈക്കിളിൽ ചുറ്റിക്കറങ്ങുന്ന ഒരാൾ കേരളത്തിൽ ലാൻഡ് ചെയ്തിട്ടുണ്ട്. 61 വയസ്സുള്ള അമേരിക്കൻ ലോകസഞ്ചാരി, റിച്ചാർഡ്. ചാരിക്കിടക്കുന്ന സൈക്കിളിൽ കുതിരവേഗത്തിൽ പായുന്ന റിച്ചാർഡ് എല്ലാവർക്കും ഒരു കൗതുകകാഴ്ചയാണ്. (Richard travels the world in his cycle)

മുകളിൽ ആകാശവും താഴെ ഭൂമിയുമാണ് റിച്ചാർഡിന്. ലോകത്തെയും മനുഷ്യരെയും അടുത്ത് കണ്ട ഒരു യാത്രികൻ. ജോലിയിൽ നിന്ന് വിരമിച്ച് ഇപ്പോൾ പത്തു വർഷമായി ഗൂഗിൾ മാപ്പ് നോക്കിയാണ് റിച്ചാർഡിന്റെ സഞ്ചാരം. 120 ൽ അധികം രാജ്യങ്ങൾ സൈക്കിളിൽ സഞ്ചരിച്ചു കഴിഞ്ഞു ഈ സാഹസികൻ. അമേരിക്കയിൽ നിന്ന് ഐസ്‌ലൻഡിലേക്കായിരുന്നു ആദ്യയാത്ര. അവിടെ നിന്ന് നോർവെയിലേക്ക്. പിന്നീട് ആ യാത്ര ലോകമെല്ലാം നീണ്ടു. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വിമാനമെടുക്കും. അതൊഴിച്ചാൽ സന്തതസഹചാരി സൈക്കിൾ തന്നെ.

ദിവസവും 120 കിലോമീറ്റർ താണ്ടുന്ന റിച്ചാർഡ് കയ്യിലെ പണം തീരുമ്പോൾ മടങ്ങും. യാത്രക്കുള്ള പണം സമ്പാദിച്ച് വീണ്ടും യാത്ര തുടരും. പലപ്പോഴും വഴിയിൽ കണ്ടു മുട്ടിയ കൂട്ടുകാരോടൊപ്പമാവും യാത്ര. സമയപരിമിതിമൂലം അവർ നാട്ടിലേക്ക് മടങ്ങുമ്പോഴും റിച്ചാർഡിന്റെ സൈക്കിൾ ഓട്ടം നിർത്താറില്ല. ന്യുസിലൻഡാണ്‌ റിച്ചാർഡിന്റെ ഇഷ്ടരാജ്യം. ഇന്ത്യയിലെ ഭക്ഷണ വൈവിധ്യം അദ്ദേഹത്തിന് ഏറെ പ്രിയങ്കരം. കേരളത്തിൽ വന്നാൽ മസാല ദോശയോട് പ്രത്യേക സ്നേഹം.

Read More: സ്വന്തം വീടിന്റെ വാതിലിന് പിങ്ക് നിറമടിച്ചു; പിന്നാലെ പിഴയടക്കേണ്ടി വന്നത് 19 ലക്ഷം രൂപ!

റിച്ചാർഡിന്റെ അടുത്ത ലക്‌ഷ്യം കന്യാകുമാരി, പിന്നെ രാമേശ്വരം, അവിടെ നിന്ന് ശ്രീലങ്ക. അങ്ങനെ ഇരുചക്രങ്ങൾ കൊണ്ട് ഈ 61 കാരന് ഇനിയും കീഴടക്കാനുള്ള ഇടങ്ങൾ ഏറെ.

Story highlights: Richard travels the world in his cycle