മാന്ത്രിക ലോകത്തെന്ന പോലെ തലകീഴായി സഞ്ചരിക്കാം- ജർമ്മനിയിലെ വേറിട്ടൊരു ട്രെയിൻ കാഴ്ച..

November 27, 2023

സഞ്ചാരപ്രിയരാണ് ഒട്ടുമിക്ക ആളുകളും. പ്രകൃതി ദൃശ്യങ്ങൾ കണ്ട് കാറിലും ട്രെയിനിലുമൊക്കെ എല്ലാവരും സഞ്ചരിക്കാറുണ്ട്. എന്നാൽ, സഞ്ചരിക്കുന്ന വാഹനം തന്നെ കൗതുകമുള്ള കാഴ്ചയായി മാറിയാലോ? ജർമ്മനിയിലെ വുപ്പെർട്ടലിൽ വിസ്മയിപ്പിക്കുന്ന ഒരു ട്രെയിൻ യാത്രയാണ് ഉള്ളത്.

സയൻസ് ഫിക്ഷൻ സിനിമകളിലെ പോലെ തോന്നിപ്പിക്കുന്ന ഒരു കാഴ്ച്ചയാണ് വുപ്പർടലിലെ തലകീഴായി കിടക്കുന്ന റെയിൽവേ. ഒരു സസ്പെൻഷൻ റെയിൽവേ എന്നത് എലവേറ്റഡ് മോണോറെയിലിന്റെ ഒരു രൂപമാണ്. അതിൽ വാഹനം ഒരു നിശ്ചിത ട്രാക്കിൽ ഘടിപ്പിച്ചിരിക്കുന്നു. ഇവിടെ തൂങ്ങിക്കിടക്കുന്ന രീതിയിലാണ് ട്രെയിനുകൾ.

ട്രെയിൻ വിവിധ സ്ഥലങ്ങളിലേക്ക് നീങ്ങുമ്പോൾ യാത്രക്കാർക്ക് മനോഹരമായ ആകാശ കാഴ്ചകൾ ആണ് ലഭിക്കുന്നത്. റിപ്പോർട്ട് പ്രകാരം ലോകത്ത് ജപ്പാനിലും ജർമ്മനിയിലും മാത്രമാണ് സസ്പെൻഷൻ റെയിൽവേകൾ പ്രവർത്തിക്കുന്നത്. ഏറ്റവും മികച്ച തലകീഴായ റെയിൽ ശൃംഖല ജർമ്മനിയിലെ വുപ്പെർട്ടൽ ഷ്വെബെബാനിലാണ്. പതിറ്റാണ്ടുകൾക്ക് ശേഷവും ഇത് ശക്തമായി തുടരുകയാണ്.

വ്യവസായിയും എഞ്ചിനീയറുമായ യൂഗൻ ലാംഗൻ തന്റെ പഞ്ചസാര ഫാക്ടറിയിൽ ചരക്ക് നീക്കുന്നതിനായി ഒരു സസ്പെൻഷൻ റെയിൽവേ പരീക്ഷിക്കുകയായിരുന്നു ആദ്യം. 1893-ൽ അദ്ദേഹം തന്റെ സസ്പെൻഷൻ റെയിൽവേ സംവിധാനം നഗരത്തിന് വാഗ്ദാനം ചെയ്തു.ജനങ്ങൾ അത് സ്വാഗതം ചെയ്തു.

Read also: കടക്കെണിയിൽ കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ ആര്യനും കുടുംബത്തിനും താങ്ങായി ഫ്‌ളവേഴ്‌സ് കുടുംബം; നിങ്ങൾക്കും ഒപ്പം ചേരാം….

ഇപ്പോൾ, ട്രെയിനുകൾ പ്രതിദിനം 82,000 ആളുകൾ സഞ്ചരിക്കുന്നുണ്ട്.വളവുകളും കയറ്റിറക്കങ്ങളും ധാരാളമുള്ള കാടിനുള്ളിലൂടെയുള്ള പാതയും നദിയുമൊക്കെയുള്ള ഈ പ്രദേശത്ത് പരമ്പരാഗതമായ ട്രെയിൻ സർവീസിന് സാധ്യതയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തലകീഴായുള്ള ട്രെയിൻ വിജയമാകുകയും ചെയ്തു.

Story highlights-  Upside down railway in Germany