‘വാംഖഡെയില്‍ പുതുചരിത്രം’; ഓസീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ജയവുമായി ഇന്ത്യന്‍ വനിതകള്‍

December 24, 2023

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ചരിതജയവുമായി ഇന്ത്യന്‍ വനിത ടീം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഏക ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിത ടീം ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്നത്. ഇതിന് മുമ്പ് പത്ത് തവണ ഏറ്റുമുട്ടിയപ്പോള്‍ നാല് മത്സരങ്ങളില്‍ ഓസിസിനായിരുന്നു വിജയം. ആറെണ്ണം സമനിലയില്‍ പിരിയുകയായിരുന്നു. 1977ലാണ് ഇന്ത്യയും ഓസ്ട്രേലിയന്‍ വനിത ടീമും ആദ്യമായി ടെസ്റ്റ് മത്സരത്തില്‍ ഏറ്റുമുട്ടിയത്. ( Indian woman register first win against Australia in test history )

75 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 38 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും 12 റണ്‍സെടുത്ത ജമീമ റോഡ്രിഗസും ഇന്ത്യയെ വിജയതീരമണച്ചത്. നാല് റണ്‍സെടുത്ത ഷഫാലി വര്‍മയും 13 റണ്‍സെടുത്ത റിച്ചാ ഘോഷുമാണ് പുറത്തായത്.

മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്ട്രേലിയ 219 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. നാല് വിക്കറ്റെടുത്ത പൂജ വസ്രാക്കറിന്റെയും മൂന്ന് വിക്കറ്റെടുത്ത സ്‌നേഹ റാണയുടെയും പ്രകടനത്തിന്റെ മികവിലാണ് പേരുകേട്ട ഓസീസ് ബാറ്റിങ്ങ് നിരയെ ചെറിയ സ്‌കോറില്‍ പുറത്താക്കിയത്. മറുപടി ബാറ്റിങ്ങില്‍ 406 റണ്‍സെടുത്ത ഇന്ത്യ 187 റണ്‍സിന്റെ കൂറ്റന്‍ ലീഡുമായാണ് മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടിയത്. ദീപ്തി ശര്‍മ (78), സ്മൃതി മന്ദന (74), ജെമിമ റോഡ്രിഗസ് (73), റിച്ച ഘോഷ് (52) എന്നിവരാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

Read Also : ‘പാഡും ഗ്ലൗസുമില്ലാതെ ക്രീസിലേക്ക്..’ ബിഗ് ബാഷില്‍ കണ്ടംകളി ഓര്‍മിപ്പിച്ച് ഹാരിസ് റൗഫ്‌

കൂറ്റന്‍ സ്‌കോര്‍ ലീഡ് വഴങ്ങിയതോടെ രണ്ടാം ഇന്നിങ്‌സില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ കരുതലോടെ ബാറ്റ് ചെയ്തെങ്കിലും ടീം 261 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റെടുത്ത സ്‌നേഹ റാണയാണ് രണ്ടാം ഇന്നിങ്‌സിലും ഓസിസ് ബാറ്റിങ് നിരയെ വീഴ്ത്തിയത്. ഇതോടെ 75 റണ്‍സിന്റെ വിജയലക്ഷ്യം ആതിഥേയര്‍ അനായാസം പിന്തുടരുകയായിരുന്നു. ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്.

Story Highlights : Indian woman register first win against Australia in test history