മലൈക്കോട്ടൈ വാലിബന്റെ ഒരു വമ്പന്‍ കാഴ്ചയുമായി മോഹന്‍ലാല്‍..!

December 25, 2023

മോഹന്‍ലാലിന്റെ വമ്പന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതിന് മുന്നോടിയായി തിയേറ്ററിലെത്തിയ നേര് വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. നേരിന്റെ വിജയാഘോഷത്തിലും മലൈക്കോട്ടൈ വാലിബന്‍ റിലീസിനെത്തുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. ഇപ്പോള്‍ ക്രിസ്മസ് ദിനത്തില്‍ മലൈക്കോട്ടൈ വാലിബന്‍ സിനിമയുടെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ഗാനവുമെല്ലാം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ( Mohanlal-Lijo Jose Pellissery Malaikkottai Vaaliban movie new poster )

ഏറെ സസ്പെന്‍സ് നിറക്കുന്ന ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബന്‍ എന്നുറപ്പിക്കുന്ന പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജടാധാരികളായ ഒരുകൂട്ടം സന്യാസിമാരുടെ നടുവില്‍ മോഹന്‍ലാല്‍ ഇരിക്കുന്നതായാണ് പുറത്തുവന്നിരിക്കുന്ന പോസ്റ്ററിലുള്ളത്. മലൈക്കോട്ടൈ വാലിബന്റെ റിലീസിന് 30 ദിവസങ്ങള്‍ മാത്രമാണ് ഇനിയുള്ളത് എന്ന് ഓര്‍മിച്ച് ആരാധകര്‍ക്ക് ക്രിസ്മസ് ആശംസകളും നേര്‍ന്നാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പിരിയഡ് ഡ്രാമയാണ് ഈ ചിത്രം. സിനിമയുടെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വലിയ ആവേശവും സ്വീകാര്യതയുമാണ് ലഭിക്കുന്നത്. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.

വലിയ പ്രതീക്ഷയോടെയാണ് മോഹന്‍ലാലും മലൈക്കോട്ടൈ വാലിബന്‍ സിനിമയെ നോക്കിക്കാണുന്നത്. ചിത്രത്തില്‍ സംവിധായകന്‍ ലിജോ ഒരു ഗംഭീരമായ കാഴ്ചയാണ് സൃഷ്ടിച്ചിരിക്കുന്നത് എ്ന്നായിരുന്നു മോഹന്‍ലാല്‍ ടീസര്‍ റിലീസ് ചെയ്തപ്പോള്‍ അഭിപ്രായപ്പെട്ടത്.

Read Also : ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍; വെള്ള വസ്ത്രത്തില്‍ സ്‌റ്റൈലന്‍ ലുക്കുമായി മമ്മൂട്ടി

‘നായകന്‍’, ‘ആമേന്‍’ എന്നീ ഹിറ്റ് ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശേരിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി.എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Story highlights: Mohanlal-Lijo Jose Pellissery Malaikkottai Vaaliban movie new poster