ഡയാന രാജകുമാരിയുടെ നീല വസ്ത്രം വിറ്റുപോയത് ഒമ്പത് കോടിയ്ക്ക്; യഥാര്‍ഥ മൂല്യം 80 ലക്ഷം

December 20, 2023

ലോകമെമ്പാടുമുള്ളവര്‍ക്കിടയില്‍ അനശ്വരമായ ഓര്‍മയായി തുടരുകയാണ് ഡയാന രാജകുമാരി. മരണശേഷവും അത്രമേല്‍ സ്‌നേഹത്തോടെയാണ് എല്ലാവരും ഡയാന രാജകുമാരിയെ ഓര്‍ക്കുന്നത്. അത്രമേല്‍ സ്‌നേഹിക്കപ്പെട്ടിരുന്ന രാജകുമാരിയുടെ ഓര്‍മ സൂചകമായി അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ലേലത്തിന് വയ്ക്കുമ്പോള്‍ വലിയ വിലയാണ് ലഭിക്കാറുള്ളത്. ( Princess Diana’s blue dress sold for nine crore )

1985-ല്‍ ഡയാന രാജകുമാരി ധരിച്ച നീല നിറത്തിലുള്ള വെല്‍വെറ്റ് വസ്ത്രം ലേലത്തില്‍ വിറ്റുപോയത് 9 കോടി രൂപയ്ക്കാണ്. നീളത്തിലുള്ള പാവാടയും ബോയും അടങ്ങിയ ഈവനിങ് പാര്‍ട്ടി വസ്ത്രമാണ് ലേലത്തില്‍ വച്ചിരുന്നത്. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജൂലിയന്‍സ് ലേലക്കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. ഡയാന രാജകുമാരി ധരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോയ വസ്ത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

80 ലക്ഷം രൂപയായിരുന്നു വസ്ത്രത്തിന്റെ ഏകദേശ മൂല്യം. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ തുകയ്ക്കാണ് ലേലത്തില്‍ പോയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ചാള്‍സ് രാജകുമാരനൊപ്പം ഫ്‌ലോറന്‍സിലെ രാജകീയ പര്യടനത്തിനും പിന്നീട് 1986-ല്‍ വാന്‍കൂവര്‍ സിംഫണി ഓര്‍ക്കസ്ട്രയിലും ഇതേ വസ്ത്രമാണ് ഡയാന ധരിച്ചിരുന്നത്. മൊറോക്കന്‍-ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനറായ ജാക്വസ് അസാഗുരിയാണ് ഈ മനോഹരമായ നീല വസ്ത്രം ഡിസൈന്‍ ചെയ്തിട്ടുള്ളത്.

Read Also : ഐപിഎല്‍ താരലേലത്തിന് ചുറ്റിക വീശിയ ആദ്യ വനിത; ആരാണ് മല്ലിക സാഗര്‍..?

ഈ വര്‍ഷമാദ്യം, 1989 -ല്‍ വിക്ടര്‍ എഡല്‍സ്‌റ്റൈന്‍ രൂപകല്‍പ്പന ചെയ്ത ഡയാനയുടെ പര്‍പ്പിള്‍ നിറത്തിലുള്ള ഗൗണ്‍ ഏകദേശം 4.9 കോടി രുപയ്ക്കാണ് വിറ്റുപോയത്. ന്യൂയോര്‍ക്കില്‍ വച്ചായിരുന്നു പര്‍പ്പിള്‍ നിറത്തിലുള്ള വെല്‍വെറ്റ് ഗൗണ്‍ ലേലം ചെയ്തത്. അന്ന് പ്രമുഖ ബഹുരാഷ്ട്രസ്ഥാപനമായ സോത്തെബീസ് ആയിരുന്നു ലേലം നടത്തിയത്. ആ റെക്കോഡാണ് കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ മറികടന്നത്.

Story Highlights : Princess Diana’s blue dress sold for nine crore