കാപ്പിക്കൊപ്പം നെയ്യുടെ കലക്കൻ ട്വിസ്റ്റ്; ദിവസം തുടങ്ങാം ‘ഗീ കോഫി’ക്കൊപ്പം!

January 12, 2024

നമ്മുടെ സാധാരണ കാപ്പിയെ കൂടുതൽ പോഷകപ്രദമാക്കാൻ ഒരു ലളിതമായ ചേരുവയ്ക്ക് സാധിക്കും. എന്താണെന്നല്ലേ? ആരോഗ്യകരമായ കൊഴുപ്പുകളാൽ നിറഞ്ഞ നെയ്യാണ് കാപ്പിക്ക് മാറ്റ് കൂട്ടുന്നത്. അധിക പരിശ്രമം കൂടാതെ ഭക്ഷണപാനീയങ്ങളുടെ പോഷകമൂല്യം ഉയർത്താനുള്ള കഴിവ് നെയ്യ്ക്കുണ്ട്. നിരവധി ബോളിവുഡ് സെലിബ്രിറ്റികളും ഈ പാനീയം സോഷ്യൽ മീഡിയയിൽ ജനപ്രിയമാക്കിയിട്ടുണ്ട്. ഒരു കപ്പ് നെയ്യ് കാപ്പിയിലൂടെ ദിവസം ആരംഭിക്കുന്നതിന്റെ ഗുണങ്ങൾ നോക്കാം. (Benefits of drinking Ghee coffee)

ഊർജ്ജം വർദ്ധിപ്പിക്കുന്നു:
സാധാരണ കട്ടൻ കാപ്പിയുമായി താരതമ്യപ്പെടുത്തുമ്പോൾ നെയ്യ് കാപ്പി ശരീരത്തിൽ ഊർജ്ജം നിലനിർത്തും. പ്ലെയിൻ കോഫി കഴിക്കുമ്പോൾ, പെട്ടെന്ന് ഊർജ്ജം വർദ്ധിക്കുകയും ഉടനെ തന്നെ കുറയുകയും ചെയ്യും. എന്നാൽ നെയ്യ് ചേർക്കുന്നത് ഈ പ്രക്രിയയെ മന്ദഗതിയിലാക്കും. നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കി പെട്ടെന്നുള്ള ഊർജ്ജ തകർച്ച തടയുന്നു.

ആരോഗ്യകരമായ കൊഴുപ്പുകൾ നൽകുന്നു:
ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഒമേഗ-3, 6, 9 എന്നിവയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് നെയ്യ്. ഹൃദയാരോഗ്യം, മെറ്റബോളിസം, തലച്ചോറിന്റെ പ്രവർത്തനം എന്നിവ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.

Read also: ചര്‍മ്മത്തിന്റെ തിളക്കവും മൃദത്വവും മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

ദഹനത്തെ സഹായിക്കുന്നു:
നെയ്യിലെ ഫാറ്റി ആസിഡുകൾ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നതിനും ദഹനനാളത്തിന്റെ മികച്ച ആരോഗ്യത്തിനും ഉത്തമമാണ്.

ശരീരത്തിൽ ചൂട് നിലനിർത്തുന്നു:
നെയ്യ് കാപ്പിക്ക് ഉള്ളിൽ നിന്ന് സ്വാഭാവികമായും ചൂട് നിലനിർത്താൻ കഴിയും. ശീതകാലത്ത് ഇത് ശീലമാക്കുന്നത് തണുപ്പിൽ നിന്നും രക്ഷ നൽകുന്നു.

നെയ്യ് കാപ്പി തയ്യാറാക്കാൻ സാധാരണ കാപ്പി കുറച്ചുനേരം തിളപ്പിച്ച് അതിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചേർക്കാം. ഇത് അല്പനേരം ഇളക്കിയ ശേഷം തീ ഓഫ് ചെയ്ത് ഇഷ്ടാനുസരണം മധുരം ചേർത്ത് കഴിക്കാം.

Story highlights: Benefits of drinking Ghee coffee