ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്തുകാട്ടി കേരളത്തിന്റെ പെൺപട; ബറോഡയെ തകർത്തത് 216 റൺസിന്

January 4, 2024

ദേശീയ സീനിയര്‍ വനിത ഏകദിന ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ബറോഡയെ 216 റണ്‍സിന് പരാജയപ്പെടുത്തി കേരളത്തിന്റെ പെണ്‍പട കരുത്തുകാട്ടിയത്. മെകോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കേരളം ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബറോഡയുടെ ചെറുത്തുനില്‍പ്പ് 68 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ സജീവന്‍ സജനയുടെ സെഞ്ച്വറി പ്രകടനമാണ് വമ്പന്‍ ജയം സമ്മാനിച്ചത്. ( Kerala defeated Baroda in womens cricket )

റാഞ്ചിയിലെ മെക്കോണ്‍ സെയില്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് നേടി. ക്യാപ്റ്റന്‍ സജീവന്‍ സജനയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് കേരളം മികച്ച സ്‌കോറിലേക്കെത്തിയത്. 85 പന്തില്‍ 100 റണ്‍സ് നേടിയ ശേഷം റണ്ണൗട്ടിലൂടെയാണ് സജന പുറത്തായത്. 50 പന്തില്‍ 73 റണ്‍സെടുത്ത അരുന്ധതി റെഡ്ഡിയും മികച്ച പിന്തുണ നല്‍കി.

തുടക്കത്തില്‍ തന്നെ അഞ്ച് റണ്‍സെടുത്ത ഓപ്പണര്‍ നജ്‌ലയുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായിരുന്നു. പിന്നീട് സജനയെ കൂട്ടുപിടിച്ച ദൃശ്യ നടത്തിയ ബാറ്റിങ്ങാണ് കേരളത്തിന് മികച്ച തുടക്കം. മധ്യനിരയില്‍ കാര്യമായെ ചെറുത്ത് നില്‍പുണ്ടായില്ല. സെഞ്ച്വറിക്ക് പിന്നലെ സജന പുറത്തായെങ്കിലും മറുവശത്ത് അരുന്ധതി നടത്തിയ വെടിക്കെട്ടാണ് കേരളത്തെ മികച്ച സ്‌കോറില്‍ എത്തിച്ചത്. ബറോഡയ്ക്കായി നാന്‍സി പട്ടേല്‍ രണ്ടും കേശ പട്ടേലും ജയ മൊഹിതേയും ഓരോ വിക്കറ്റും വീഴ്ത്തി.

Read Also : ബാറ്റർമാരുടെ ശവപ്പറമ്പായി കേപ്ടൗൺ; ടെസ്റ്റ് ചരിത്രത്തിലെ അതിവേഗ ജയവുമായി ഇന്ത്യ

മറുപടി ബാറ്റിങ്ങില്‍ ബറോഡ 21.5 ഓവറില്‍ കേവലം 68 റണ്‍സിന് കൂടാരം കയറുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ വിനയ സുരേന്ദ്രനാണ് ബറോഡയുടെ നടുവൊടിച്ചത്. മൃദുല സുരേഷ്, അരുന്ധതി റെഡ്ഡി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ നേടി. ബറോഡക്കുവേണ്ടി തന്‍വീര്‍ ഷെയ്ക്ക് (29 നോട്ടൗട്ട്) മാത്രമാണ് ചെറുത്തുനിന്നത്.

Story highlights ; Kerala defeated Baroda in womens cricket