വ്യായാമത്തിന് പകരം ഇനി ഗുളിക; പുത്തൻ ഗവേഷണങ്ങൾ പണിപ്പുരയിൽ

January 4, 2024

പുതുവർഷം പുതിയ തീരുമാനങ്ങൾ എടുക്കുന്ന പലരുടെയും ആഗ്രഹങ്ങളുടെ പട്ടികയിൽ വ്യായാമത്തിന് ഒരു പ്രത്യേക ഇടം തന്നെയുണ്ട്. വ്യായാമം ശരീരത്തിനും മനസ്സിനും ഏറെ ഗുണകരമായ ഒന്നാണ്. എന്നാൽ നമ്മളിൽ പലരും മടി കാരണമോ സമയക്കുറവ് കാരണമോ വ്യായാമത്തെ ജീവിതത്തിൽ നിന്ന് മാറ്റിനിർത്തുന്നു. അതുകൊണ്ട് തന്നെയാണ് പലപ്പോഴും ഒരിക്കലും നടക്കാത്ത കാര്യങ്ങളുടെ പട്ടികയിൽ ‘വ്യായാമം’ സുഖമായി നിദ്ര കൊള്ളുന്നത്. (Pill to replace exercise is in the making)

എന്നാൽ പലർക്കും സന്തോഷകരവും അതിശയകരുമായ ഒരു കണ്ടുപിടുത്തമാണ് നോർവേയിലെ ഒരുകൂട്ടം ഗവേഷകർ ഇപ്പോൾ നടത്തി വരുന്നത്. അൽഷിമേഴ്‌സ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കാണിക്കുന്ന വയോധികരിലേക്ക് പതിവായി വ്യായാമം ചെയ്യുന്നവരുടെ രക്ത പ്ലാസ്മ കുത്തിവയ്ക്കുന്ന രീതിയാണ് ക്ലിനിക്കൽ ട്രയലിൽ ഉൾപ്പെടുന്നത്. അങ്ങനെ ശാരീരികക്ഷമത വർദ്ധിക്കുന്നതിന്റെ ഗുണങ്ങളും ആളുകൾക്ക് ലഭിക്കും. ഗവേഷണ ഫലം പോസിറ്റീവ് ആണെങ്കിൽ, പ്രായമോ വൈകല്യമോ രോഗമോ കാരണം വ്യായാമം ചെയ്യാൻ കഴിയാത്തവരുടെ ജീവിതത്തെ മാറ്റിമറിക്കാൻ പുതു കണ്ടുപിടുത്തത്തിന് സാധിക്കും.

Also read: ‘ധൈര്യമുണ്ടെങ്കിൽ പരീക്ഷിക്കാം’; മഞ്ഞുകടലിൽ പുതുവർഷം ആഘോഷിക്കും നെതര്‍ലന്‍ഡുകാര്‍!

എന്നാൽ പരീക്ഷണഫലം എന്തെന്നറിയാൻ 2025 വരെ കാത്തിരിക്കേണ്ടി വരും. പക്ഷെ മടിയുള്ളവരുടെ അടുക്കലേക്ക് പോലും വ്യായാമം ഇത്തരമൊരു ഗുളിക രൂപത്തിൽ എത്തുമെന്ന് കരുതേണ്ട. ആരോഗ്യ പ്രശ്നങ്ങളോ പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നവർക്ക് വ്യായാമത്തിന്റെ ഫലങ്ങൾ നൽകുന്ന ഒരു മരുന്ന് എന്ന രീതിയിൽ മാത്രമേ ഇതിനെ കണക്കാക്കാൻ സാധിക്കൂ.

ദിവസവും വ്യായാമം ചെയ്യുന്നത് മറവി രോഗം വരെ തടയാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം മരുന്നുകൾ പ്രാബല്യത്തിൽ വന്നാലും, മരുന്നുകൾക്ക് മേൽ വ്യായാമം ചെയ്യുന്നത് തന്നെയാണ് മികച്ചത് എന്ന് ഗവേഷകർ പറയുന്നു.

Story highlights: Pill to replace exercise is in the making