ആളുകളുടെ ബലഹീനത ബിസിനസാക്കി മാറ്റി; വെറും കല്ല് വിറ്റ് കോടീശ്വരനായ ഗാരി ഡാലിന്റെ കഥ

April 13, 2024

വിത്യസ്തമായ ബിസിനസുകള്‍ തുടങ്ങി വലിയ വിജയം നേടിയ നിരവധിയാളുകളുടെ കഥകള്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറയാറുണ്ട്. ശാസ്ത്രവും സാങ്കേതിക വിദ്യയും വളര്‍ന്നതോടെ വിവിധതരത്തിലാണ് ആളുകള്‍ സമ്പാദിക്കുന്നത്. എന്നാല്‍ വെറും കല്ലുകള്‍ മാത്രം വില്‍പന നടത്തിയ ഒരാള്‍ വലിയ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തി എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..? കല്ലുകള്‍ എന്ന പറയുമ്പോള്‍ വില കൂടിയ രത്‌നങ്ങളോ വജ്രങ്ങളോ ആണെന്ന് കരുതിയെങ്കില്‍ നിങ്ങളുടെ നിഗമനം തെറ്റി. നാം നിസാരമായി കാണുന്ന പാറക്കല്ലുകള്‍ വിറ്റാണ് അദ്ദേഹം കോടീശ്വരനായത്. അമേരിക്കക്കാരനായ ഗാരി ഡാല്‍ എന്നയാളാണ് ഇത്തരത്തില്‍ വ്യത്യസ്തമായ സംരഭവുമായി വിജയം കൊയ്തത്. ( Gary Dahl Inventor of the Pet Rock )

പെറ്റ് റോക്ക് എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. പേര് പോലെത്തന്നെ പാറകളെ വളര്‍ത്തുമൃഗങ്ങളായി വില്‍ക്കുന്ന കമ്പനിയാണ് പെറ്റ് റോക്ക്. വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ നായയും പൂച്ചയും അടക്കമുള്ള ഇത്തരം അരുമ മൃഗങ്ങളുടെ പരിപാലനത്തിന് പലര്‍ക്കും കൃത്യമായ സമയം കണ്ടെത്താനാകില്ല. അതോടൊപ്പം തന്നെ അവയുടെ ഭക്ഷണം, ചികിത്സ എന്നിവ പലപ്പോഴും വളരെ ചെലവേറിയതുമാണ്. ഇക്കാരണത്താലാണ് പലരും മൃഗങ്ങളെ വളര്‍ത്തുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്.

ഈയൊരു സാഹചര്യമാണ് ഗാരിയെ പെറ്റ് റോക്ക് എന്ന ആശയത്തില്‍ എത്തിച്ചത്. അദ്ദേഹം മനോഹരമായ ചെറിയ കല്ലുകള്‍ മോടി പിടിപ്പിച്ച് ഓമന വളര്‍ത്തുമൃഗങ്ങളാക്കി. ജീവന്‍ ഇല്ലെങ്കില്‍ പോലും ആളുകള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു. ഒരു ചെലവും ഇല്ലാത്ത വളര്‍ത്തുമൃഗമായിരുന്നു പെറ്റ് റോക്ക്. കല്ല് മോടിപിടിപ്പിച്ച്, അതില്‍ രണ്ട് കണ്ണ് വച്ച്, അതൊരു ബ്രീത്തിംഗ് ഹോളുകളുള്ള കാര്‍ഡ്ബോര്‍ഡ് ബോക്സില്‍ വിപണിയില്‍ എത്തിച്ചതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞത്.

ബോക്സില്‍ പെറ്റ് റോക്കിനെ എങ്ങനെ പരിപാലിക്കണമെന്ന വിവരങ്ങള്‍ അടങ്ങിയ യൂസര്‍ മാനുവല്‍ നല്‍കാനും ഗാരി മറന്നിരുന്നില്ല. തുച്ഛമായ വിലയ്ക്കാണ് ഈ പെറ്റ് വിപണയില്‍ എത്തിയത്. കൗതുകം കൊണ്ടോ, വളര്‍ത്തുമൃഗങ്ങളോടുള്ള ഇഷ്ടം കൊണ്ടോ ആളുകള്‍ ഗാരിയുടെ വ്യത്യസ്തമായ ആശയത്തെ ഏറ്റെടുക്കുകയായിരുന്നു. ജനങ്ങളുടെ ബലഹീനത മനസിലാക്കി അതിനെ ബിസിനസാക്കിയ മാറ്റിയ ഗാരി, പെറ്റ് റോക്ക് എന്ന സംരഭത്തിലൂടെ വലിയ തുകയാണ് സമ്പാദിച്ചത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 2- 3 മില്യണ്‍ യുഎസ് ഡോളര്‍ ആയിരുന്നു.

Read Also : അത്യാധുനിക ഐടി കോഴ്‌സുകൾ പഠിക്കാൻ അവസരം; ഭാവി സ്വപ്നങ്ങൾക്ക് കൂട്ടായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി!

1936-ല്‍ ജനിച്ച ഗാരി ഡാല്‍, 2015 മാര്‍ച്ച് 23-നാണ് അന്തരിച്ചത്. ഗാരി പെറ്റ് റോക്ക് എന്ന സംരഭത്തിലുപരി കോപ്പിറൈറ്റര്‍, സംരംഭകന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ എന്നീ മേഖലകളിലും കഴിവ് തെളിയിച്ച ഒരാളാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഗാരി ഡാല്‍ ക്രിയേറ്റീവ് സര്‍വീസസ് ഇലക്ട്രോണിക് പരസ്യങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഗാരി ഡാല്‍ നിരവധി റേഡിയോ, ടെലിവിഷന്‍ പരസ്യങ്ങള്‍ എഴുതുകയും നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

Story highlights : Gary Dahl Inventor of the Pet Rock