‘താക്കോലു’മായി ഇന്ദ്രജിത്തും മുരളിഗോപിയും വീണ്ടുമെത്തുന്നു.

നവാഗതനായ കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന താക്കോൽ എന്ന ചിത്രത്തിൽ ഇന്ദ്രജിത്തും  മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടിയാൻ ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും  മുരളി ഗോപിയും വീണ്ടുമൊന്നിക്കുന്ന താക്കോൽ ഹാസ്യത്തിനും  സസ്പെന്സിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കുമെന്ന് സംവിധായകൻ പറഞ്ഞു.

“ഇന്ദ്രജിത്തും മുരളി ഗോപിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവർ രണ്ടു പേരും  തമ്മിലുള്ള  കെമിസ്ട്രിയാണ് സിനിമയുടെ ചാലക ശക്തി. തിരക്കഥ പൂർത്തിയായപ്പോൾ തന്നെ ഇതിലേക്ക് ഇന്ദ്രജിത്തും മുരളി ഗോപിയുമായിരിക്കും ഏറ്റവും അനുയോജ്യരെന്നു തോന്നി . അവരെ സമീപിച്ചപ്പോള്‍ രണ്ടു പേര്‍ക്കും തിരക്കഥ ഇഷ്ടമായി സസ്പെൻസ് എലെമെന്റുമായെത്തുന്ന ചിത്രം ഹാസ്യത്തിന്റെ അകമ്പടിയോടെയായിരിക്കും അവതരിപ്പിക്കുന്നത്”. സംവിധായകന്‍ കിരണ്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രശസ്ത സംവിധായകൻ ഷാജി കൈലാസാണ് ചിത്രം നിർമ്മിക്കുന്നത്. മികച്ച തിരക്കഥ അവലംബമാക്കിയൊരുങ്ങുന്ന താക്കോൽ തീർത്തും വ്യത്യസ്ഥമായ ഒരു സിനിമയിയിരിക്കുമെന്ന് ഷാജി കൈലാസ് അഭിപ്രായപ്പെട്ടു. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത്.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കാഞ്ചി,  ഈ അടുത്ത കാലത്ത്, ടിയാൻ എന്നിവയാണ് ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ..