കേരളക്കരയിൽ തരംഗം തീർക്കാൻ കോട്ടയം കുഞ്ഞച്ചൻ വീണ്ടും വരുന്നു..!

March 15, 2018

കൃത്യം 28 വർഷങ്ങൾക്കു മുൻപാണ്, കോട്ടയം നഗരത്തെ കൈവള്ളയിലിട്ട്  അമ്മാനമാടിയിരുന്ന കോട്ടയം കുഞ്ഞച്ചൻ എന്ന വില്ലാളി വീരനായ ഗജപോക്കിരി മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ചത്. കേരളക്കരയൊന്നാകെ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ  കോട്ടയം കുഞ്ഞച്ചൻ ജന്മനസ്സുകളിലൂടെ ജൈത്രയാത്ര തുടങ്ങിയത്.എന്നാൽ  രണ്ടു വ്യാഴവട്ടക്കാലത്തിനു ശേഷം  കോട്ടയം കുഞ്ഞച്ചൻ  പുതിയ കഥയുമായി വീണ്ടുമെത്തുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആട് സിനിമകളുടെ സംവിധായകനായ മിഥുൻ മാനുവൽ തോമsസാണ് കോട്ടയം കുഞ്ഞച്ചൻ 2 സംവിധാനം ചെയ്യുന്നത്. ആട് സീരീസ് നിർമിച്ച ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു തന്നെയാണ് കോട്ടയം കുഞ്ഞച്ചന്റെ പുതിയ പതിപ്പും നിർമ്മിക്കുന്നത്.ആട് 2 വിന്റെ വിജയാഘോഷ വേളയിൽ  മമ്മൂട്ടിയും വിജയ് ബാബുവും ചേർന്നാണ്കോട്ടയം കുഞ്ഞച്ചൻ 2   പ്രഖ്യാപിച്ചത്.

സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.

പ്രിയരേ,
കാലമെന്ന മഹാപ്രവാഹത്തിന് പരകോടി നന്ദി..!!! ഇതിഹാസം മുട്ടത്തു വർക്കിയിലൂടെ ഉരുത്തിരിഞ്ഞ്, അനുഗ്രഹീത ചലച്ചിത്രകാരൻ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ, മണി എന്ന പ്രശസ്ത നിർമ്മാതാവിലൂടെ കാൽനൂറ്റാണ്ടിനും മുൻപ് കേരളക്കര ഒന്നാകെയുള്ള സിനിമാകൊട്ടകകളിൽ ആരവങ്ങൾ തീർത്ത പ്രതിഭാസം, കോട്ടയം കുഞ്ഞച്ചനെ, തുടക്കക്കാരനായ എന്നിലേയ്ക്ക് എത്തിച്ചതിന്..!! ഇതുവരെയുള്ള യാത്രയിൽ ആശ്വാസമായ തണൽ മരങ്ങൾക്കു നന്ദി, വെളിച്ചം വിതറിയ വിളക്കുകാലുകൾക്ക് നന്ദി, സിനിമയെ സ്വപ്നം കണ്ടു നടന്നവനെ തീരത്തടുപ്പിച്ച പായ്‌വഞ്ചികൾക്ക് നന്ദി.. കൈവിടാതെ കൂടെ നിൽക്കുന്ന പ്രേക്ഷക ലക്ഷങ്ങൾക്ക് നന്ദി..
🙂 ഫ്രൈഡേ ഫിലിം ഹൌസിനോടൊപ്പം ചേർന്ന് സവിനയം, സസന്തോഷം, സസ്നേഹം അവതരിപ്പിക്കുന്നു.. കോട്ടയം കുഞ്ഞച്ചൻ 2.. 🙂