‘ഈ ശക്തിയാണ് ഒടിയൻ’..! ഒടിയന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് സംവിധായകൻ

March 14, 2018

പ്രശസ്ത പരസ്യസംവിധായകൻ വി എ ശ്രീകുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഒടിയന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. സംവിധായകൻ വി എ ശ്രീകുമാർ തന്റെ ഫേസ്ബുക്കിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയോടെ റിലീസിനെത്താൻ ഉദ്ദേശിക്കുന്ന ഒടിയന്റെ മൂന്നാം ഘട്ട ഷൂട്ടിങ്ങാണ് ഇപ്പോൾ നടന്നുകൊണ്ടരിക്കുന്നത്.

പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അവസാന വട്ട ചിത്രീകരണം പുരോഗമിക്കുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ ചിത്രത്തിൽ മഞ്ജു വാര്യർ,സിദ്ദിഖ്,നരേൻ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിലെത്തുന്നു. മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടി വിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കിയാണ്  ഒടിയൻ ഒരുങ്ങുന്നത്. 1960 -70  കാലഘട്ടങ്ങളാണ് ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

‘ഈ ശക്തിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എത്ര വലിയ പ്രതിസന്ധികൾ നേരിട്ടാലും  ഒടിയൻ ചിത്രത്തിന് വേണ്ടി കഠിനപ്രയത്നം നടത്തുന്ന ഇവരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു’- മേക്കിങ് വീഡിയോ പുറത്തുവിട്ടുകൊണ്ട് ശ്രീകുമാർ മേനോൻ പറഞ്ഞു.