പുണെയ്‌ക്കെതിരെയും കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില

ഇന്ത്യന്‍ സൂപ്പര്‍ലീഗ് അഞ്ചാം സീസണില്‍ എഫ്‌സി പുണെ സിറ്റിയ്‌ക്കെതിരെയുള്ള മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില. മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടിയാണ് ഇരു ടീമും സമനിലയില്‍ പിരിഞ്ഞത്.

മത്സരത്തിന്റെ പതിമൂന്നാം മിനിറ്റില്‍ പുണെ താരം മാര്‍കോ സ്റ്റാന്‍കോവിച്ചാണ് ആദ്യ ഗോള്‍ നേടിയത്. 61-ാം മിനിറ്റില്‍ നിക്കോള കിര്‍മാരെവിച്ച് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനിലയിലെത്തി. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും ഏഴ് പോയിന്റുകലുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ അഞ്ച് കളിയില്‍ നിന്നുമായി രണ്ട് പോയിന്റുകളുമായി ഒമ്പതാം സ്ഥാനത്താണ് എഫ്‌സി പുണെ സിറ്റി.

മത്സരത്തിന്റെ നാല്‍പത്തി രണ്ടാം മിനിറ്റില്‍ നിക്കോള കിര്‍മാരെവിച്ച് കോര്‍ണര്‍ കിക്ക് ഗോള്‍വരയ്ക്ക് അപ്പുറത്ത് എത്തിച്ചെന്ന് കരുതി റഫറി ആദ്യം ഗോള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീടത് പിന്‍വലിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങല്‍ ലഭിച്ചിരുന്നെങ്കിലും അവയൊന്നും ബ്ലാസ്റ്റേഴ്‌സിനെ തുണച്ചില്ല.

നിലവിലെ പോയിന്റുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ടെങ്കിലും തുടര്‍ച്ചയായി ലഭിക്കുന്ന സമനില ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശ പകരുന്നുണ്ട്.