ഹെട്‌മെയറും ഗുർകീറതും തിളങ്ങി; ബാംഗ്ലൂരിനു ജയം: ഹൈദരാബാദ് പുറത്ത്

May 4, 2019

സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. 4 പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റിനായിരുന്നു ബാംഗ്ലൂരിൻ്റെ ജയം. തോൽവിയോടെ സൺ റൈസേഴ്സ് പ്ലേ ഓഫിലെത്താതെ പുറത്തായി. ബാംഗ്ലൂരിനു വേണ്ടി നാലാം വിക്കറ്റിലെ റെക്കോർഡ് കൂട്ടുകെട്ടുയർത്തിയ ഷിംറോൺ ഹെട്‌മെയറും ഗുർകീറത് സിംഗ് മാനുമാണ് വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചത്. ഹെട്‌മെയർ 75ഉം ഗുർകീറത് 65ഉം റൺസെടുത്തു. മൂന്നു വിക്കറ്റെടുത്ത ഖലീൽ അഹ്മദാണ് സൺ റൈസേഴ്സിനു വേണ്ടി തിളങ്ങിയത്.

176 വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് കണ്ണടച്ച് തുറക്കുന്നതിനു മുൻപ് പാർഥിവിനെ നഷ്ടമായി. സീസണിൽ ആർസിബിക്ക് വേണ്ടി ഏറ്റവും നന്നായി ബാറ്റ് ചെയ്ത പാർഥിവ് ആദ്യ ഓവറിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ചില മികച്ച ഷോട്ടുകളുമായി ഇന്നിംഗ്സിനു തുടക്കമിട്ട ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും ഏറെ ആയുസ്സുണ്ടായിരുന്നില്ല. 7 പന്തുകളിൽ 16 റൺസെടുത്ത വിരാട് രണ്ടാം ഓവറിൽ പുറത്ത്. തൊട്ടടുത്ത ഓവറിൽ ഒരു റൺ മാത്രമെടുത്ത ഡിവില്ല്യേഴ്സും പവലിയനിൽ മടങ്ങിയെത്തി.

20 റൺസിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ട് തോൽവിയുറപ്പിച്ചയിടത്തു നിന്നായിരുന്നു ഹെട്‌മെയറും ഗുർക്കീറതും ചേർന്ന് ബാംഗ്ലൂരിനെ കൈ പിടിച്ചുയർത്തിയത്. ടൂർണമെൻ്റിലാദ്യമായി വെസ്റ്റ് ഇൻഡീസ് താരം ഷിംറോൺ ഹെട്‌മെയർ ഫോമിലേക്കുയർന്നതോടെ ബാംഗ്ലൂർ ഇന്നിംഗ്സ് കുതിച്ചു. മറുവശത്ത് സിംഗിളുകളിട്ട് സ്ട്രൈക്ക് കൈമാറിയ ഗുർകീറത് സിംഗ് മാൻ ഹെട്‌മെയറിന് മികച്ച പിന്തുണ നൽകി.

3ആം ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 20 എന്ന നിലയിൽ ഒത്തു ചേർന്ന ഇരുവരും വേർപിരിയുന്നത് 18ആം ഓവറിലാണ്. റാഷിദ് ഖാനെ തുടർച്ചയായി രണ്ട് സിക്സർ അടിക്കാനുള്ള ശ്രമത്തിനിടെ ലോങ് ഓഫിൽ വിജയ് ശങ്കറിൻ്റെ കൈകളിലൊതുങ്ങുമ്പോൾ ഗുർകീറത് സിംഗുമായി ചേർന്ന് നാലാം വിക്കറ്റിൽ 144 റൺസിൻ്റെ റെക്കോർഡ് കൂട്ടുകെട്ട് ഹെട്‌മെയർ പടുത്തുയർത്തിയിരുന്നു. 47 പന്തുകളിൽ 75 റൺസടിച്ച ഹെട്‌മയർ ജയത്തിന് 12 റൺസകലെ വെച്ചാണ് മടങ്ങിയത്.

തൊട്ടടുത്ത ഓവറിൽ ഗുർകീറത് സിംഗും മടങ്ങിയതോടെ ബാംഗ്ലൂർ ഒരു തകർച്ച മുന്നിൽ കണ്ടു. 48 പന്തുകളിൽ 65 റൺസെടുത്ത ഗുർകീറത് ഖലീൽ അഹ്മദിൻ്റെ ഇരയായിരുന്നു. ആ ഓവറിൽ തന്നെ വാഷിംഗ്‌ടൺ സുന്ദറും പുറത്ത്. എന്നാൽ തുടർന്ന് ക്രീസിലെത്തിയ ഉമേഷ് യാദവ് മുഹമ്മദ് നബി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തും ബൗണ്ടറിയടിച്ച് ബാംഗ്ലൂരിന് വിജയം സമ്മാനിക്കുകയായിരുന്നു. അവസാന ഓവറിൽ 6 റൺസായിരുന്നു ആർസിബിയുടെ വിജയ ലക്ഷ്യം.

നേരത്തെ 70 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്ല്യംസണാണ് സൺ റൈസേഴ്സിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 3 വിക്കറ്റെടുത്ത വാഷിംഗ്ടൺ സുന്ദറാണ് ബാംഗ്ലൂരിനു വേണ്ടി തിളങ്ങിയത്