‘കിരീടധാരണം ഇന്ന്’; ഐപിഎൽ മുബൈ-ചെന്നൈ ഫൈനൽ പോരാട്ടത്തിനൊരുങ്ങുമ്പോൾ…

May 12, 2019

ഇന്ത്യൻ പ്രമിയർ ലീഗ് കീരീടം ആർക്കെന്ന് ഇന്നറിയാം..
ഐ.പി.എല്ലിന്റെ 12-ആം കീരിടത്തിനുവേണ്ടി ഫൈനലിൽ ഏറ്റുമുട്ടുന്നത് ‘തല’ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിതിന്റെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസുമാണ്.
ഇന്ന് വൈകീട്ട് 7:30 ന് ഹൈദരാബാദിലെ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.

കരുത്തരായ ടീമുകളെ തറപറ്റിച്ചു ഫൈനലിൽ ഏറ്റുമുട്ടുന്നത് ഇതിഹാസ താരങ്ങളാണ്. ഒരു പക്ഷേ നിരവധി താരങ്ങളുടെ അവസാന ഐപിഎൽ മത്സരമാവും ഇത്. വയസൻ പട എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ചെന്നൈക്ക് അനുഭവ സമ്പത്താണ് കൈമുതലെങ്കിൽ, യുവത്വത്തിന്റെ പങ്കാളിത്തമുള്ള സന്തുലിത ടീമാണ് മുംബൈ.

ആദ്യ ക്വാളിഫൈറിൽ ചെന്നൈയെ പരാജയപ്പെടുത്തി ഫൈനലിൽ എത്തിയവരാണ് മുംബൈ. അതേസമയം വീണുകിട്ടിയ രണ്ടാം അവസരം നന്നായി മുതലാക്കി ഡൽഹിക്കെതിരെ ആധികാരികമായി വിജയിച്ചാണ് ചെന്നൈ ഫൈനലിൽ എത്തുന്നത്.

നിലവിൽ ഇരു ടീമുകൾക്കും മൂന്ന് കീരിടങ്ങളാണുള്ളത്. മത്സരം വിജയിക്കുന്ന ടീമിന് മറ്റൊരു റെക്കോർഡ് കൂടി നേടാനാവും, ഐപിഎൽ ചരിത്രത്തിൽ ആദ്യമായി നാല് കീരിടങ്ങൾ സ്വന്തമാകുന്ന ടീം എന്ന നേട്ടം. ഐപിഎലിൽ നൂറു വിജയങ്ങൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തോടെയാണ് മുംബൈ ഇന്നിറങ്ങുക. ഈ സീസണിലെ കണക്കുകൾ മുബൈ അനുകൂലവുമാണ്. ചെന്നൈക്കു എതിരെ കളിച്ച മൂന്ന് മത്സരങ്ങളിലും മുബൈ വിജയിച്ചിരുന്നു. അവസാന ഓവറുകളിൽ ആഞ്ഞടിക്കുന്ന ഹർദിക് പാണ്ഡെയും കണിശതയോടെ പന്തെറിയുന്ന ജസ്പ്രീത് ബുമ്രയുമാണ് മുബൈയുടെ വജ്രായുധങ്ങൾ.

Read also: കുട്ടിക്കളിയുമായി ഷെയ്ൻ; ചിത്രങ്ങൾ കാണാം.. 

ഈ സീസണിൽ ആദ്യം പ്ലേ ഓഫിൽ സ്ഥാനം പിടിച്ചത് ചെന്നൈ ആയിരുന്നു. തല ധോണിയുടെ തന്ത്രങ്ങളാണ് മത്സരത്തിൽ നിര്ണയമാവുക. ജഡേജ, താഹിർ, ഹർഭജൻ സിംഗ് എന്നിവർ അടങ്ങിയ ബോളിംഗ് യൂണിറ്റാണ് ചെന്നൈയുടെ കരുത്ത്.

2013-ൽ ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈക്കൊപ്പമായിരുന്നു. ഐപിഎല്ലിൽ നിന്നും രണ്ടു വർഷം വിലക്കു നേരിട്ട ചെന്നൈ, കഴിഞ്ഞ വർഷം കീരീടം ചൂടിയാണ് തിരിച്ചുവരവ് ഗംബീഗംഭീരമാക്കിയത്. ഈ വർഷവും കൂടി വിജയിച്ചാൽ തുടർച്ചയായ രണ്ടാം വർഷവും ചെന്നൈക്ക് കീരീടം സ്വന്തമാക്കാം. മികച്ച രണ്ടു ടീമുകൾ ഏറ്റുമുട്ടുന്ന മത്സരം ഒരു പൂര കാഴ്ച തന്നെയാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.