20 വര്‍ഷംകൊണ്ട് 40 ലക്ഷം മരങ്ങള്‍ നട്ടുവളര്‍ത്തി ഈ ദമ്പതികള്‍; പ്രകൃതിസ്‌നേഹത്തിന്റെ അറിയാക്കഥ

കാടെവിടെ മക്കളേ കാടെവിടെ മക്കളേ…. എന്ന കവിത ചൊല്ലിക്കൊണ്ട് കാടുകളെ തിരയേണ്ട കാലമാണിപ്പോള്‍. യന്ത്ര സംസ്‌കാരത്തിന്റെ കരാളഹസ്തത്തില്‍ അമരുകയാണ് പല കാടുകളും ഇന്ന്. മനോഹരമായ പച്ച പട്ടുടുത്ത ഇടങ്ങളെല്ലാം ഇന്ന് അംബര ചുംബികളായ കെട്ടിടങ്ങള്‍ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. പ്രകൃതി സ്‌നേഹത്തെക്കുറിച്ച് പലരും വാതോരാതെ പ്രസംഗിക്കുമെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ പ്രകൃതിയെ മറക്കുന്നവരാണ് മനുഷ്യര്‍. പ്രകൃതി സ്‌നേഹത്തിന്റെ ഒരു അറിയാക്കഥയുണ്ട്.

20 വര്‍ഷംകൊണ്ട് നാല്‍പത് ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ച ഒരു ദമ്പതികളുടെ ജീവിതകഥ. ബ്രസീലിലെ മിനാസ് ഷെറീസ് ജന്മ നാടായ സ്വദേശിയാണ് സെബാസ്റ്റിയോ സാല്‍ഗാഡോ. വളരെ പ്രശസ്തനായ ഒരു ഫോട്ടഗ്രാഫറായിരുന്നു ഇദ്ദേഹം. നിരവധി രാജ്യാന്തര മാഗസീനുകള്‍ക്കു വേണ്ടി ലോകത്തിന്റെ പലയിടങ്ങളിലും സഞ്ചരിച്ച് സാല്‍ഗാഡോ മനോഹരങ്ങളായ ചിത്രങ്ങളെടുക്കും. മനോഹര ദൃശ്യങ്ങള്‍ക്ക് പുറമെ വംശഹത്യയും വനനശീകരണവും അടക്കമുള്ള പലതും പലപ്പോഴും സാല്‍ഗാഡോയുടെ ഫോട്ടകള്‍ക്ക് പ്രമേയമായി. ദീര്‍ഘനാളത്തെ ലോകസഞ്ചാരത്തിനൊടുവില്‍ സാല്‍ഗാഡോ തന്റെ ജന്മ ദേശമായ ബ്രസീലിലെ മിനാസ് ഷെറീസില്‍ മടങ്ങിയെത്തി. 1994 ലായിരുന്നു സ്വദേശത്തോക്കുള്ള തിരിച്ചുവരവ്.

Read more:കൊതിയൂറും ചക്ക വിഭവങ്ങളുമായി ചക്കവണ്ടി നിരത്തുകളിലേക്ക്

സാല്‍ഗാഡോ ലോകം ചുറ്റുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ജന്മദേശം മഴക്കാടുകളാല്‍ നിറഞ്ഞതായിരുന്നു. വീടിനു ചുറ്റും എപ്പോഴും തണുപ്പും മരങ്ങളുടെ മനോഹര സംഗീതവും പ്രതിഫലിച്ചിരുന്നു. ഈ കാഴ്ചകളെക്കെ മനസില്‍ ഓര്‍ത്തുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സാല്‍ഗാഡോ തന്റെ ജന്മനാട്ടില്‍ മടങ്ങിയെത്തിയത്. എന്നാല്‍ മടങ്ങിയെത്തിയ സാല്‍ഗാഡോയെ തന്റെ നാട് ആകെ നിരാശപ്പെടുത്തി. മരങ്ങളെല്ലാം വെട്ടിമാറ്റപ്പെട്ടു അവിടെ. മണ്ണിടിച്ചിലും വരള്‍ച്ചയുമൊക്കെ നിമിത്തം വരണ്ടുണങ്ങി കിടന്നു ആ പ്രദേശം.

ഇത് സാല്‍ഗാഡോയെ തെല്ലൊന്നുമല്ല സങ്കടപ്പെടുത്തിയത്. തന്റെ പ്രദേശത്തെ ഹരിതാഭയിലേക്ക് മടക്കികൊണ്ടുവരാന്‍ സാല്‍ഗാഡോ തീരുമാനിച്ചു. ഒപ്പം ഭാര്യയും ചേര്‍ന്നു. അങ്ങനെ 1995 മുല്‍ സാല്‍ഗോഡോയും ഭാര്യയും ചേര്‍ന്ന് മരങ്ങള്‍ നട്ടു തുടങ്ങി. ദിനചര്യയെന്നോണം ഇരുവരും മരങ്ങള്‍ നട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീലിലെ മിനാസ് ഷെറീസ് എന്ന പ്രദേശം ആ പഴയ പ്രൗഡിയിലേക്ക് മടങ്ങിയെത്തി. തുടക്കത്തില്‍ സാല്‍ഗാഡോയും ഭാര്യയും മാത്രമായിരുന്നു ഈ ഊദ്യമത്തിന്റെ ഭാഗമെങ്കിലും നിരവധി പരിസ്ഥിപ്രവര്‍ത്തകരും പിന്നീട് ഇവര്‍ക്കൊപ്പം കൂടി. ഇരുപത് വര്‍ഷത്തിനിടെ നാല്‍പത് ലക്ഷത്തോളം മരങ്ങളാണ് ഈ പ്രദേശത്ത് നട്ടുപിടിപ്പിച്ചത്. മഴയും ഉറവയുമൊക്കെയായി ഈ പ്രദേശം ഇപ്പോള്‍ ഹരിതാഭയോടെ നിലനില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *