ഡല്‍ഹിയെ വീഴ്ത്തി ചെന്നൈ ഫൈനലില്‍

May 11, 2019

ഐപിഎല്‍ 2019- ലെ ഫൈനല്‍ പോരാട്ടത്തില്‍ മുംബൈയ്ക്ക് എതിരെ ചെന്നൈ പോരാട്ടത്തിനിറങ്ങും. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. 148 റണ്‍സായിരുന്നു ചെന്നൈയുടെ വിജയലക്ഷ്യം. ഒരു ഓവര്‍ ബാക്കി നില്‍ക്കെ ചെന്നൈ ലക്ഷ്യം മറികടന്നു. അതേസമയം ഐപിഎല്ലില്‍ തങ്ങളുടെ നൂറാം ജയം കൂടിയാണ് ധോണിയും കൂട്ടരും കുറിച്ചിരിക്കുന്നത്.

ടോസ് നഷ്ടപ്പെട്ട ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു ആദ്യം ബാറ്റിങ്ങിനിറങ്ങിയത്. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 147 റണ്‍സ് അടിച്ചെടുത്തു. പൃഥ്വി ഷായും ശിഖര്‍ ധവാനും ആയിരുന്നു ഇത്തവണയും ഡല്‍ഹിയുടെ ഓപ്പണര്‍മാര്‍. എന്നാല്‍ ഇരുവര്‍ക്കും കാര്യമായ മികവ് പുലര്‍ത്താന്‍ സാധിച്ചില്ല. സ്‌കോര്‍ 21 ല്‍ നില്‍ക്കെ പൃഥ്വി ഷാ ആദ്യം കളം വിട്ടു. അഞ്ച് റണ്‍സാണ് പൃഥ്വി ഷാ അടിച്ചെടുത്തത്. ദീപക് ചാഹറിന്റെ വിക്കറ്റാണ് പൃഥ്വി ഷായെ പുറത്താക്കിയത്.

തൊട്ടു പിന്നാലെ സ്‌കോര്‍ 37 ല്‍ നില്‍ക്കെ ഹര്‍ഭജന്‍ സിങിന്റെ വിക്കറ്റില്‍ ശിഖര്‍ ധവാനും കളം വിട്ടു. 18 റണ്‍സാണ് ശിഖര്‍ ധവാന്‍ നേടിയത്. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ താരങ്ങള്‍ക്കൊന്നും തന്നെ കാര്യമായ റണ്‍സ് നേടാനായില്ല. 38 റണ്‍സ് എടുത്ത ഋഷഭ് പന്താണ് ടീമിനെ അല്‍പമെങ്കിലും പിടിച്ചു നിര്‍ത്തിയത്. എങ്കിലും ബാറ്റിങിന്റെ അവസാനം ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മെല്ലെപ്പോക്കോടെയാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സണും ഡു പ്ലെസിസും ആദ്യ രണ്ട് ഓവറില്‍ നാല് റണ്‍സ് മാത്രമാണ് അടിച്ചെടുത്തത്. എന്നാല്‍ പിന്നീടങ്ങോട്ട് ഇരുവരും മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. ഇരു താരങ്ങളും ആഞ്ഞടിച്ചത് അര്‍ധ സെഞ്ചുറികളിലേക്കാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ ചെന്നൈ താരങ്ങള്‍ക്ക് കഴിഞ്ഞു. ഈ പ്രയത്‌നം ടീമിനെ ഫൈനലിലെത്തിച്ചു. മെയ് 12 നാണ് ഐപിഎല്‍ ഫൈനല്‍.