യോഗാ ദിനം ആനിമേറ്റഡ് ത്രികോണാസന വീഡിയോയുമായി പ്രധാന മന്ത്രി

June 5, 2019

ജൂണ്‍ 21 നാണ് അന്താരാഷ്ട്ര യോഗാദിനം. ഇതിനോട് അനുബന്ധിച്ച് ആനിമേറ്റഡ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. ത്രികോണാസനത്തിന്റെ ആനിമേറ്റഡ് വീഡിയോയാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. യോഗയിലേക്ക് എല്ലാവരെയും ആകര്‍ഷിക്കാനും യോഗ എല്ലാവരും തങ്ങളുടെ ജീവിതചര്യയാക്കുവാനും ആഹ്വാനം ചെയ്തുകൊണ്ടുമാണ് ഇത്തരം ഒരു ആനിമേറ്റഡ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

‘ജൂണ്‍ 21 നാം യോഗാദിനമായി ആചരിക്കുന്നു. എല്ലാവരും യോഗയെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറ്റുകയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും വേണം. യോഗയ്ക്ക് നിരവധി അത്ഭുത ഗുണങ്ങളുണ്ട്. ഇതാ ത്രികോണാസനത്തിന്റെ വീഡിയോ.’ ഈ കുറിപ്പും വീഡിയോയ്ക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചു.

കഴിഞ്ഞ വര്‍ഷവും സമാനമായ വീഡിയോ മോദി പോസ്റ്റ് ചെയ്തിരുന്നു. അതേസമയം അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹി, ഷിംല, മൈസൂരു, അഹമ്മദാബാദ് തുടങ്ങിയ ഇടങ്ങളില്‍ വിപുലമായ നിരവധി പരിപാടികള്‍ നടത്താനും കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നരേന്ദ്രമോതി രണ്ടാം തവണയും പ്രധാനമന്ത്രി ആയതിനുശേഷമുള്ള ആദ്യത്തെ വലിയ രീതിയിലുള്ള സര്‍ക്കാര്‍ പരിപാടിയാകും യോഗാ ദിനത്തോട് അനുബന്ധിച്ച് അരങ്ങോറുക എന്നാണ് സൂചന.