നിപ: നിരീക്ഷണത്തിലുള്ള 6 പേരുടെയും ഫലം നെഗറ്റീവ്

June 6, 2019

കേരളത്തില്‍ നിപാ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലായിരുന്നു സംസ്ഥാനം. എന്നാല്‍ നിപാ സംബന്ധിച്ച് ഒരു ആശ്വസ വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. പൂനെയില്‍ നിന്നുള്ള പരിശോധന ഫലം പുറത്തെത്തി. ഐസലേഷന്‍ വാര്‍ഡിലുള്ള ആറ് പേര്‍ക്കും നിപ സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാ ഫലം നെഗറ്റീവാണ്. ആരോഗ്യ മന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഐസലേഷന്‍ വാര്‍ഡിലുള്ള ആറ് പേര്‍ക്ക് നിപ ഇല്ലെങ്കിലും ഇന്‍കുബേഷന്‍ പീരിയഡ് പൂര്‍ത്തിയാകുന്നതുവരെ അവര്‍ നിരീക്ഷണത്തില്‍ തുടരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

രോഗബാധിതനായ യുവാവിനെ ചികിത്സിച്ച മൂന്ന് നഴ്‌സുമാര്‍, യുവാവിന്റെ സഹപാഠി എന്നിവരടക്കം ആറ് പേരുടെ പരിശോധന ഫലമാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്തുവന്നത്.

അതേസമയം നിപാ സ്ഥീരികരിച്ച യുവാവിന്റെ ആരോഗ്യ സ്ഥിതിയിലും പുരോഗതിയുണ്ട്. നിപാ നിയന്ത്രണ വിധേയമാണെങ്കിലും ജാഗ്രത തുടരുകയാണ്. ഇന്നലെ നിപാ ലക്ഷണങ്ങളുമായി ഒരാളെക്കൂടി ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ സ്രവ സാംമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 314 പേര്‍ നിരീക്ഷണത്തിലാണ്.